ന്യൂഡൽഹി
ബിജെപി ഭരണ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർക്കെതിരെ ആഭ്യന്തരകലാപം പടരുന്നു. കർണാടക, യുപി, ത്രിപുര എന്നിവിടങ്ങളില് നേതൃമാറ്റത്തിനായി എംഎൽഎമാരും എംപിമാരും പരസ്യമായി രംഗത്ത്. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയെ മാറ്റിയിട്ടും കലിയടങ്ങിയില്ല. അസം, ഹിമാചൽപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഉൾപ്പോര് രൂക്ഷം. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ കലാപക്കൊടി ഉയർത്തിയ ബിജെപി എംഎൽഎമാർ മുൻമന്ത്രി സുദീപ് റോയ് ബർമന്റെ നേതൃത്വത്തില് തൃണമൂലില് ചേക്കേറാനൊരുങ്ങി. ബിജെപി വിട്ട് തൃണമൂലിൽ തിരിച്ചെത്തിയ മുകുൾ റോയിയുമായി ഇവർ ചർച്ച നടത്തി. ഇതോടെ ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് അഗർത്തലയില് കുതിച്ചെത്തി മന്ത്രിമാരെയും എംഎൽഎമാരെയും കണ്ടു. കഴിഞ്ഞവർഷം 12 എംഎൽഎമാർ ബിപ്ലബ് കുമാറിനെതിരെ ഡല്ഹിയിലെത്തി പരാതിപ്പെട്ടിരുന്നു. ബിപ്ലബ് കുമാറിനെതിരെ ജനവികാരം ശക്തമെന്ന് വിമതർ തുറന്നടിച്ചു.
കർണാടകത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മക്കളായ രാഘവേന്ദ്രയും വിജയേന്ദ്രയുമാണ് ഭരണം നിയന്ത്രിക്കുന്നതെന്ന് മന്ത്രിമാരും എംഎൽഎമാരും പരാതിപ്പെടുന്നു. അഴിമതികളും പുറത്തുവന്നു. ഇതോടെ പ്രായപരിധി പിന്നിട്ടുവെന്ന പേരിൽ യെദ്യൂരപ്പയെ മാറ്റാൻ കേന്ദ്രനേതൃത്വത്തിൽ ധാരണയായി. എന്നാല്, പകരക്കാരന്റെ പേരിൽ തർക്കം ഉയരുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തളയ്ക്കാൻ അവസരം കാത്തിരുന്നത് നരേന്ദ്ര മോഡിയും അമിത് ഷായുമാണ്. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച ചൂണ്ടിക്കാട്ടി ഒതുക്കാനാണ് ശ്രമം. മന്ത്രിസഭയിൽ വിശ്വസ്തരെ പ്രതിഷ്ഠിച്ച് നിയന്ത്രിക്കാനുള്ള നീക്കം ആദിത്യനാഥ് ചെറുത്തതോടെ തര്ക്കം രൂക്ഷം. ലഖ്നൗ–-ഡൽഹി സന്ധിസംഭാഷണം തുടരുന്നു.
അസമിൽ ഭരണം നിലനിർത്തിയെങ്കിലും കോൺഗ്രസിൽനിന്ന് വന്ന ഹിമാന്ത ബിശ്വ ശർമയെ മുഖ്യമന്ത്രിയാക്കേണ്ടിവന്നതില് മുന്മുഖ്യമന്ത്രി സർബാനന്ദ സോണോവാളിന്റെ അനുയായികൾ കടുത്ത അതൃപ്തിയില്. സോണോവാളിന് കേന്ദ്രത്തിൽ സ്ഥാനം നൽകി സാന്ത്വനിപ്പിക്കാനാണ് ശ്രമം. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി തിരാത് സിങ് റാവത്തും മുൻമുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്തും തമ്മില് പരസ്യമായി ഏറ്റുമുട്ടിത്തുടങ്ങി. കുംഭമേളയിലെ കോവിഡ് പരിശോധനാതട്ടിപ്പില് ത്രിവേന്ദ്രസിങ് അന്വേഷണം ആവശ്യപ്പെട്ടതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. കുംഭമേളയ്ക്ക് തൊട്ടുമുമ്പാണ് ത്രിവേന്ദ്രസിങ്ങിനെ മാറ്റി തിരാതിനെ മുഖ്യമന്ത്രിയാക്കിയത്.
അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽപ്രദേശിൽ അടിക്കടി ഉയരുന്ന ആരോപണങ്ങൾ മുഖ്യമന്ത്രി ജയ്റാം താക്കൂറിന്റെ നില പരുങ്ങലിലാക്കി. കോവിഡ് നേരിടുന്നതിലെ വീഴ്ചയും ദമോഹ് ഉപതെരഞ്ഞെടുപ്പ് തോല്വിയുമാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ്സിങ് ചൗഹാനു മുന്നിലെ പ്രതിസന്ധി.