ദുബായ്
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്ര യാഥാസ്ഥിതികനായ ചീഫ് ജസ്റ്റിസ് ഇബ്രാഹിം റെയ്സിക്ക് മുൻതൂക്കമെന്ന് റിപ്പോർട്ട്. 60 കാരനായ റെയ്സി വിജയിച്ചാൽ അധികാരമേൽക്കുമ്പോഴേ അമേരിക്കൻ ഉപരോധമുള്ള ആദ്യ പ്രസിഡന്റ് ആയിരിക്കും. മിതവാദിയായ സെന്ട്രല് ബാങ്ക് മുന് മേധാവി അബ്ദുല് നാസര് ഹിമ്മത്തി(64) ആണ് മുഖ്യ എതിർ സ്ഥാനാർത്ഥി. ശനിയാഴ്ച ഫലമറിയാം.
ഇറാൻ സമയം വെള്ളിയാഴ്ച രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 12 വരെയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും രണ്ട് മണിക്കൂർ നീട്ടിയേക്കും എന്ന് റിപ്പോർട്ടുണ്ട്. പരിഷ്കരണവാദികളും യാഥാസ്ഥിതികരുമടക്കം നൂറുകണക്കിന് സ്ഥാനാർഥികളെ 12 അംഗ രക്ഷാകർതൃസഭ വിലക്കിയിരുന്നു. ആണവക്കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇറാൻ എന്ത് നിലപാടെടുക്കും എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. പുതിയ ഭരണകൂടം കരാര് പുനരുജ്ജീവിപ്പിക്കണോ എന്നതായിരുന്നു പ്രചരണത്തിലെ പ്രധാന വിഷയം.
പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനേയിയുടെ വിശ്വസ്തനാണ് ഇബ്രാഹിം റെയ്സി. മൂന്ന് പതിറ്റാണ്ട് മുമ്പ് രാഷ്ട്രീയ തടവുകാരെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ടാണ് അമേരിക്ക റെയ്സിക്ക് ഉപരോധം ഏര്പ്പെടുത്തിയത്. തുടർച്ചയായി രണ്ടുവട്ടം വിജയിച്ചതിനാൽ മിതവാദിയായ നിലവിലെ പ്രസിഡന്റ് ഹസന് റൂഹാനിക്ക് മത്സരിക്കാൻ കഴിയുമായിരുന്നില്ല.