കൊളംമ്പോ
ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വച്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന ആക്രമിച്ചതായി പരാതി. രണ്ട് ബോട്ടിലായി പ്രദേശത്ത് മീൻപിടിത്തത്തിലേർപ്പെട്ട 13 തൊഴിലാളികളെ നാലിന് നാവികസേനാ അംഗങ്ങൾ ആക്രമിച്ചെന്നാണ് ആരോപണം. മയക്കുമരുന്ന് സംഘം എന്നാരോപിച്ച് കൈയേറ്റം ചെയ്തു എന്നാണ് ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഹൈകമീഷണർ പറഞ്ഞു. ഇത്തരത്തിൽ ഒരു സംഭവവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി ചർച്ച നടത്തിയശേഷം കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകാമെന്ന് ലങ്കൻ ഫിഷറീസ് മന്ത്രാലയം സെക്രട്ടറി പറഞ്ഞു. ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചെന്ന പരാതികൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ഏപ്രിലിൽ 3000 കോടി രൂപയുടെ മയക്കുമരുന്നുമായി വന്ന ലങ്കൻ ബോട്ട് നാവികസേന പിടിച്ചെടുത്തിരുന്നു.