കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കാൻസർ ബാധിതനായിരുന്ന രമേശൻ നായർക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു. രണ്ടുദിവസം മുൻപ് കോവിഡ് നെഗറ്റീവ് ആയിരുന്നു. ഭക്തിഗാനങ്ങൾ ഉൾപ്പെടെ 500 ലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
ഷഡാനനൻ തമ്പിയുടെയും പാർവതിയമ്മയുടെയും മകനായി 1948 മേയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് ജനനം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി. രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ്.
1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്തേക്കുള്ള രമേശൻ നായരുടെ പ്രവേശനം. പിന്നീട് നിരവധി സിനിമകൾക്ക് ഗാനങ്ങളൊരുക്കി. ഹിന്ദു ഭക്തിഗാന രചനയിലും സജീവമായിരുന്നു. തിരുക്കുറൽ, ചിലപ്പതികാരം എന്നിവയുടെ മലയാള വിവർത്തനവും നിർവഹിച്ചിട്ടുണ്ട്.
2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം, ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരം, ആശാൻ പുരസ്കാരം എന്നിവ രമേശൻ നായർക്ക് ലഭിച്ചിട്ടുണ്ട്. ഗുരുപൗർണ്ണമി എന്ന കാവ്യസമാഹാരത്തിന് 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഗുരു, അനിയത്തിപ്രാവ്, മയിൽപ്പീലിക്കാവ്, പഞ്ചാബിഹൗസ് തുടങ്ങി നിരവധിചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്.
content highlights:s ramesan nair passes away