തിരുവനന്തപുരം: ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം ആരാധനാലയങ്ങൾ തുറക്കാമെന്നാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴത്തെ അവസ്ഥ നല്ല രീതിയിൽ രോഗവ്യാപന തോത് കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. അടുത്ത ബുധനാഴ്ച വരെയാണ് നിലവിലെ സ്ഥിതി തുടരുക. ഈ ഒരാഴ്ച കാലം ഏത് തരത്തിലാണ് കാര്യങ്ങൾ എന്നുനോക്കി കുറച്ച് ഇളവുകൾ കൂടി പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരാഴ്ചക്ക് ശേഷമുള്ള വിലയിരുത്തലിലേക്ക് ഇന്ന് കടന്നിട്ടില്ല. ചൊവ്വാഴ്ച ഇതു സംബന്ധിച്ച അവലോകനത്തിന് ശേഷം തീരുമാനമെടുക്കും. ആരാധനാലയങ്ങൾ പൂർണ്ണമായി അടച്ചിടുക എന്നത് സർക്കാരിന്റെ ഉദ്ദേശ്യമല്ല. പലതിനും നമ്മൾ നിർബന്ധിതരായതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരാധനാലയങ്ങൾ തുറക്കണമെന്നാവശ്യപ്പെട്ട് വിവിധ മത സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.