തൃശൂർ > തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ ബിജെപി കൊണ്ടുവന്ന കുഴൽപ്പണം കവർന്ന കേസിൽ ജയിലിൽ കഴിയുന്ന പ്രതികളെ ചോദ്യംചെയ്തു. വിയ്യൂർ ജില്ലാ ജയിലിലെത്തിയാണ് പ്രത്യേക അന്വേഷകസംഘം ചോദ്യം ചെയ്തത്. കവർച്ച ചെയ്ത പണം കണ്ടെടുക്കുന്നതിനായാണ് ചോദ്യം ചെയ്യൽ.
ഏപ്രിൽ മൂന്നിന് പുലർച്ചെ നാലരയ്ക്ക് കൊടകരയിലാണ് കവർച്ച നടന്നത്. രണ്ട് കാറുകളിലായി വന്ന പ്രതികൾ, ബിജെപിയുടെ കള്ളപ്പണവുമായി പോവുകയായിരുന്ന എർട്ടിഗ കാറിലിടിപ്പിച്ചു. വണ്ടി തടഞ്ഞ് ഡ്രൈവറെയും സുഹൃത്തിനെയും വലിച്ചിറക്കി ദേഹോപദ്രവമേൽപ്പിച്ച് മൂന്നരക്കോടിയും കാറും കവരുകയായിരുന്നു. കേസിൽ സ്ത്രീയടക്കം 21 പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ട്.
ഇതുവരെ പണവും മറ്റു രേഖകളുമായി ഒന്നരക്കോടിയോളം രൂപയുടെ മുതലാണ് കണ്ടെടുക്കാനായത്. ബാക്കി പണം കണ്ടെത്തേണ്ടതുണ്ട്. ഇതേത്തുടർന്നാണ് ആറ് മുഖ്യ പ്രതികളെ വീണ്ടും ചോദ്യംചെയ്തത്.
ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവര പ്രകാരം കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ പൊലീസ് റെയ്ഡ് തുടരുകയാണ്. പണം കണ്ടെത്തിയെന്നാണു സൂചന. അന്വേഷക സംഘം ഈ ജില്ലകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഒളിവിലുള്ള പ്രതി മുൻകൂർ ജാമ്യം തേടി
തൃശ്ശൂർ > കൊടകര കുഴൽപ്പണ കേസിൽ ഒളിവിൽ കഴിയുന്ന 15–-ാം പ്രതി ഷിഗിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജില്ലാ കോടതിയിലാണ് അഭിഭാഷകൻ മഹേഷ് വർമ വഴി ജാമ്യാപേക്ഷ നൽകിയത്. കണ്ണൂർ കല്യാശേരി സ്വദേശിയായ ഷിഗിൽ ബംഗളൂരുവിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷക സംഘം കർണാടക പൊലീസിന്റെ സഹായം തേടിയിരുന്നു.
മൂന്ന് യുവാക്കൾക്കൊപ്പം കാറിലാണ് ഷിഗിൽ ചുറ്റിക്കറങ്ങുന്നതെന്നും ആശ്രമങ്ങൾ കേന്ദ്രീകരിച്ചാണ് താമസമെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. കവർച്ച ചെയ്ത പത്തുലക്ഷം രൂപ ഷിഗിലിന് നൽകിയെന്നാണ് പ്രതികളിൽ ഒരാളുടെ മൊഴി.