മൂവാറ്റുപുഴ > പോക്സോ കേസ് പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെ പരസ്യമായി സംരക്ഷിച്ച് പ്രതിയുടെ വക്കാലത്ത് ഏറ്റെടുത്ത മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയും ജനാധിപത്യ മഹിളാ അസോസിയേഷനും സംയുക്തമായി സമരം സംഘടിപ്പിച്ചു.
മൂവാറ്റുപുഴ ജനറൽ ആശുപത്രി എച്ച്എംസി യോഗത്തിനെത്തിയ മാത്യു കുഴൽനാടനെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. സമരം അവസാനിച്ചതിനുശേഷം പകൽ രണ്ടോടെയെത്തിയ മാത്യു കുഴൽനാടനെ ആശുപത്രി കവാടത്തിലാണ് സമരക്കാർ കരിങ്കൊടി കാണിച്ചത്. മൂവാറ്റൂപുഴ കച്ചേരിത്താഴത്ത് നടത്തിയ സമരം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി എ എ അൻഷാദ്, ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസെക്രട്ടറി ടി വി അനിത, ഏരിയസെക്രട്ടറി ഷാലി ജയിൻ, ഡിവൈഎഫ്ഐ കവളങ്ങാട് ബോക്ക് സെക്രട്ടറി ഷിജോ അബ്രഹാം, മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു, പ്രസിഡന്റ് ഫെബിൻ പി മൂസ, ട്രഷറർ എം എ റിയാസ്ഖാൻ എന്നിവർ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം.