കൊച്ചി> കേരളത്തിലെ കോണ്ഗ്രസില് അഴിച്ചുപണി സാധ്യമായതിനു ബിജെപിക്ക് നന്ദി പറയണമെന്ന് പ്രശസ്തസാഹിത്യകാരന് എന് എസ് മാധവന്. ആശയപരമായി കെട്ടുറപ്പില്ലത്തതാണ് കോണ്ഗ്രസിന്റെ പ്രശ്നമെന്നും അത് പരിഹരിക്കാതെ അഴിച്ചുപണി കൊണ്ടു കാര്യമില്ലെന്ന് അദ്ദേഹം ‘മലയാള മനോരമ’യിലെ പ്രതിവാര പംക്തിയില് എഴുതുന്നു.
”എഐസിസി നേതൃത്വം നേരിട്ടാണു മാറ്റങ്ങൾ നടത്തിയത്. അതിൽ ചെറിയൊരദ്ഭുതം ഇല്ലാതില്ല; പൊതുവേ ദുർബലമായ എഐസിസിക്കു പെട്ടെന്ന് ഇത്ര ആജ്ഞാശക്തി എവിടെനിന്നു കിട്ടി? കോൺഗ്രസ് ശക്തമായ മറ്റു സംസ്ഥാനങ്ങളിൽ, ഉദാഹരണത്തിനു രാജസ്ഥാൻ, എഐസിസിയുടെ തീട്ടുരം ഓടുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം, മറുകണ്ടത്തിൽ വിമതകോൺഗ്രസുകാരെ കാത്തു ബിജെപിയുണ്ട്. കേരളത്തിൽ ഈ അഴിച്ചുപണി വിജയകരമായി പൂർത്തിയാക്കിയതിന് എഐസിസി നന്ദിപറയേണ്ടതു കേരളത്തിലെ ബിജെപിയോടാണ്. തിരഞ്ഞെടുപ്പിൽ അവർക്കു സീറ്റില്ലെന്നു മാത്രമല്ല, കാര്യമായ വോട്ടുചോർച്ചയും നടന്നു. വിമതസ്വഭാവമുള്ള കോൺഗ്രസുകാർക്ക് ഇപ്പോൾ ബിജെപി ഒരു ഓപ്ഷൻ അല്ല. അതുകൊണ്ട് എഐസിസിക്ക് തീരുമാനങ്ങൾ ബിജെപിയെ ഭയക്കാതെ അച്ചട്ടായി കേരളത്തിൽ നടപ്പാക്കാൻ സാധിച്ചു.”-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു
”അഴിച്ചുപണികൊണ്ടുമാത്രം പരിഹരിക്കാവുന്നതാണോ കോൺഗ്രസിന്റെ കേരളത്തിലേയും പൊതുവേയുമുള്ള പ്രശ്നങ്ങൾ എന്നതാണ് അടുത്ത ചോദ്യം.”-അദ്ദേഹം പറയുന്നു.
“കോൺഗ്രസിന് ആശയപരമായി കെട്ടുറപ്പില്ലാതായിട്ടു കാലം കുറച്ചായി. താൻ പൂണൂലിട്ട ബ്രാഹ്മണനാണെന്നു രാഹുൽ ഗാന്ധി ഓർമിപ്പിക്കുമ്പോൾ, അപ്പുറത്തുള്ളത് 24 കാരറ്റ് ഹിന്ദുത്വം പറയുന്ന ബിജെപിയാണ്. ജനാധിപത്യത്തിൽ ജനങ്ങൾ വോട്ടുചെയ്യുന്നതു വ്യത്യസ്തതകളിൽ നിന്ന് ഒന്നു തിരഞ്ഞെടുക്കാനാണ്; അല്ലാതെ ദുർബലാനുകരണങ്ങൾക്കല്ല.
ഇപ്പോൾ എഐസിസി സമ്മേളനങ്ങൾതന്നെ സമയത്തിനു നടക്കുന്നില്ല; രാഷ്ട്രീയപ്രമേയം എന്ന വാക്കുപോലും കേൾക്കാതായി. നേതൃത്വത്തിന്റെയും ആശയങ്ങളുടെയും അഭാവത്തിൽ കോൺഗ്രസുകാർ നട്ടംതിരിയുന്നു. നേതാക്കൾ വായിൽതോന്നുന്നതു വിളിച്ചുപറയുന്നു. ഇത്തരം അവസരത്തിൽ ‘എ’യ്ക്കു പകരം ‘ബി’യെ കൊണ്ടുവന്നാൽ കാര്യങ്ങൾ നന്നാകും എന്ന നിഷ്കളങ്കവും അതേസമയം മൂഢവുമായ വിശ്വാസമാണു കോൺഗ്രസിലെ അഴിച്ചുപണികളുടെ പിന്നിൽ. നിർഭാഗ്യവശാൽ, അടുത്ത എഐസിസി സമ്മേളനത്തിലും കോൺഗ്രസിനു മുന്നോട്ടു വഴികാണിക്കുന്ന ഒരു രാഷ്ട്രീയപ്രമേയം ഉണ്ടാകാൻ ഇടയില്ല; പകരം രാഹുൽ ഗാന്ധിയെ പ്രസിഡന്റാക്കുക എന്ന ഒറ്റ അജൻഡ മാത്രമേ കാണൂ”- എന് എസ് മാധവന് എഴുതുന്നു.