ഈ സമൂഹത്തിലുള്ള ചിലർക്ക് ചില തെറ്റിദ്ധാരണകളുണ്ട്. നമ്മളെന്തോ ഓട് പൊളിച്ച് വന്നവരാണെന്ന്. മേയർ ആയിട്ടുണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാനുമറിയാമെന്ന് കൗൺസിലർ കരമന അജിത് ഉന്നയിച്ച ആരോപണത്തിന് മറുപടിയായി മേയർ വ്യക്തമാക്കി.
തൻ്റെ പ്രായത്തെയും പക്വതയെയും പറ്റി വിമർശിച്ചപ്പോൾ പോലും ആരെയും വ്യക്തിപരമായും അല്ലാതെയും ഞാൻ വിമർശിച്ചിട്ടില്ല. ഒരു സ്ത്രീയെ ആരു അപമാനിച്ചാലും മോശം തന്നെയാണ്. അത് എൽ കെ ജി കുട്ടിയെന്ന് പറഞ്ഞാലും പേരെടുത്ത് പറഞ്ഞാലും ഒരുപോലെയാണ്. ഈ സഭയ്ക്കുള്ളിൽ ഒരാളെ വ്യക്തിപരമായി അപമാനിക്കാൻ പാടില്ലെന്നും രൂക്ഷമായ ഭാഷയിൽ മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു ആര്യയുടെ വിമർശനം.
സ്ത്രീകള്‍ക്കെതിരെ പുതിയ തലമുറയിലുള്ള ആളുകള്‍ അടക്കമുള്ളവർ സമൂഹമാധ്യമങ്ങള്‍ പാര്‍ട്ടി ഭേദമില്ലാതെ നടത്തുന്ന ഇടപെടലുകളെയും മേയർ വിമർശിച്ചു. തിരുവനന്തപുരം നഗരസഭയിലെ ഹിറ്റാച്ചികൾ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കരമന അജിത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. “എകെജി സെൻ്ററിലെ എൽ കെ ജി കുട്ടികൾക്ക് മേയർ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ല ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകൾ” – എന്നായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്. ഇതിനെതിരെയാണ് മേയർ പ്രതികരണം നടത്തിയത്. സംസാരിക്കുന്നതിനിടെ പ്രതിപക്ഷത്ത് നിന്ന് എതിർപ്പ് ഉണ്ടായെങ്കിലും മേയർ നിലപാട് കടുപ്പിച്ചതോടെ അംഗങ്ങൾ പിന്മാറി.