ഭക്‌ത ജനങ്ങളെ തടയുകയെന്നത് ഈ സർക്കാരിൻ്റെ ലക്ഷ്യമല്ല. രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്നതനുസരിച്ച് ഇളവുകൾ നൽകും. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏതെങ്കിലും സ്ഥാപനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതല്ലെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ വ്യക്തമാക്കി.
സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഓൺലൈൻ കർമ്മങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി നിലപാടറിയിച്ചു. ആരാധനാലയങ്ങൾ എപ്പോൾ തുറക്കാമെന്ന് ഇപ്പോൾ പറയാനാകില്ല. ഭക്തരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകൾ രംഗത്തുവന്നിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ അനുവാദം നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ നിരത്തുകളിൽ തിരക്ക് വർധിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിക്കാൻ അനുവാദം ലഭിച്ച സ്ഥാപനങ്ങൾ തുറന്നു. സ്വകാര്യ ബസുകൾക്ക് ഇന്ന് മുതൽ സർവീസ് നടത്താൻ അനുവാദമുണ്ട്. സംസ്ഥാനത്ത് അതിതീവ്ര രോഗബാധയുള്ള സ്ഥലങ്ങളിലൊഴികെ കെഎസ്ആർടിസി സർവീസ് ആരംഭിച്ചിരുന്നു.