തിരുവനന്തപുരം: കാർഷിക ഉത്പന്നങ്ങളിൽനിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കാൻ പുതിയ സംരംഭകത്വ പദ്ധതിയുമായി വ്യവസായവകുപ്പ്. ‘‘ഒരു ജില്ല ഒരു ഉത്പന്നം’ എന്ന രീതിയിലാണ് പദ്ധതിയുടെ ക്രമീകരണം. ആദ്യഘട്ടത്തിൽ 108 യൂണിറ്റുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ സംരംഭങ്ങൾക്കും പത്തുലക്ഷം രൂപവരെ സർക്കാർ സഹായം നൽകും. പദ്ധതിച്ചെലവിന്റെ 35 ശതമാനം വരെയാണ് സർക്കാർ സഹായം.
തിരുവനന്തപുരത്ത് മരച്ചീനി, കൊല്ലത്ത് മരച്ചീനിയും മറ്റു കിഴങ്ങു വർഗങ്ങളും, പത്തനംതിട്ടയിൽ ചക്ക, ആലപ്പുഴയിലും തൃശ്ശൂരിലും നെല്ലുത്പന്നങ്ങൾ, കോട്ടയത്തും എറണാകുളത്തും കൈതച്ചക്ക, ഇടുക്കിയിൽ സുഗന്ധവ്യഞ്ജനങ്ങൾ, പാലക്കാട് ഏത്തക്കായ, മലപ്പുറത്തും കോഴിക്കോടും തേങ്ങയിൽനിന്നുള്ള ഉത്പന്നങ്ങൾ, വയനാട് പാലും പാലുത്പന്നങ്ങളും, കണ്ണൂരിൽ വെളിച്ചെണ്ണ, കാസർകോട് ചിപ്പി എന്നിവയുമായി ബന്ധപ്പെട്ട വ്യവസായ യൂണിറ്റുകളാണ് തുടങ്ങുക.
കൃഷിയെയും, കർഷകരെയും മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണ വ്യവസായത്തിലൂടെ കൂടുതൽ ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു . ഇതിന്റെ വിശദാംങ്ങൾ വ്യവസായ മന്ത്രി ശ്രീ : പി. രാജീവ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് . https://www.facebook.com/prajeev.cpm
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്ളോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിലുള്ള വ്യവസായവികസന ഓഫീസർമാരെയാണ് ബന്ധപ്പെടേണ്ടത്. ഇക്കാര്യങ്ങൾ സംബന്ധിച്ച് വ്യവസായമന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ യോഗം നടന്നു. വ്യവസായ-വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർമാർ എന്നിവർ സംബന്ധിച്ചു.