കളമശേരി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കോഴ്സുകൾക്ക് വിവിധ വിദേശരാജ്യ വിദ്യാർഥികൾക്ക് പ്രിയമേറുന്നു. ഇത്തവണ 35 രാജ്യങ്ങളിലെ 573 വിദ്യാർഥികളാണ് പ്രവേശനത്തിന് അപേക്ഷിച്ചത്. ഗവേഷണത്തിന് 101 പേരും ബിരുദാനന്തര ബിരുദത്തിന് 253 പേരും ബിരുദ കോഴ്സുകൾക്ക് 213 പേരും അപേക്ഷിച്ചു.രാജ്യത്തിനകത്തെ വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടാതിരിക്കാൻ ഓരോ ബ്രാഞ്ചിലും 15 ശതമാനം സീറ്റ് വർധിപ്പിച്ചാണ് പ്രവേശനം നൽകുന്നത്. ഇത്തരത്തിൽ ബിടെക്കിന് 65ഉം എൽഎൽബിക്ക് അഞ്ചും പിജി കോഴ്സുകൾക് 51ഉം വിദേശ വിദ്യാർഥികൾക്ക് അവസരം ലഭിക്കും.
സ്കോളർഷിപ് ലഭ്യതയ്ക്കനുസരിച്ച് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) അംഗീകാരത്തിന് വിധേയമായാണ് പ്രവേശനം നൽകുക. ആറു പേർ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) മുഖേനയാണ് അപേക്ഷിച്ചത്.കഴിഞ്ഞ വർഷം 70 വിദേശ വിദ്യാർഥികൾ അപേക്ഷിച്ചതിൽ കോവിഡ്മൂലം 10 പേർക്കുമാത്രമാണ് പ്രവേശനം നേടാനായത്. ഇവരിൽ അഞ്ചുപേർ ഓൺലൈനായാണ് പഠിക്കുന്നത്. യുകെ, യുഎസ്എ, ശ്രീലങ്ക, പോളണ്ട്, ഐവറികോസ്റ്റ്, നൈജീരിയ, തുർക്നിസ്ഥാൻ തുടങ്ങി 20 രാജ്യത്തെ 30 വിദ്യാർഥികൾ കുസാറ്റിൽ നിലവിൽ പഠിക്കുന്നുണ്ടെന്ന് ഓഫീസ് ഓഫ് ഇന്റർനാഷണൽ റിലേഷൻസ് (ഒഐസി) ഡയറക്ടർ ഡോ. എൻ ബാലകൃഷ്ണ പറഞ്ഞു. മുമ്പ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് അക്കാദമിക് അഡ്മിഷൻസ് (ഐആർഎഎ) വകുപ്പായിരുന്നു എല്ലാ വിഭാഗത്തിലും പ്രവേശനം നടത്തുന്നത്. എന്നാൽ, 2020ൽ ഒഐസി രൂപീകരിച്ചാണ് വിദേശ വിദ്യാർഥി പ്രവേശനവും വിദേശ സർവകലാശാലകളുമായുള്ള സഹകരണ പ്രവർത്തനങ്ങളും നടത്തുന്നത്.
കുസാറ്റിന്റെ വിവിധ മേഖലയിലുള്ള റാങ്കിങ്, ഉയർന്ന തൊഴിൽ സാധ്യതകൾ, തൊഴിലുടമയുടെ സംതൃപ്തി എന്നിവ വിദേശ വിദ്യാർഥികളെ ആകർഷിക്കുന്ന ഘടകമാണെന്ന് വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനൻ പറഞ്ഞു.