തിരുവനന്തപുരം
വാക്സിൻ രജിസ്ട്രേഷൻ ഉറപ്പാക്കാൻ പൊതുജനങ്ങൾക്ക് സഹായവുമായി വിവിധ സ്വകാര്യ ആപ്പുകൾ. കേന്ദ്രസർക്കാരിന്റെ കോവിൻ പോർട്ടൽ, ആരോഗ്യ സേതു ആപ് എന്നിവയ്ക്ക് പുറമെ പേ ടിഎം, ടെലഗ്രാം പോലുള്ള ആപ്പുകളാണ് വാക്സിൻ രജിസ്ട്രേഷന് സഹായവുമായെത്തിയത്. പണമിടപാടിനുള്ള ആപ്ലിക്കേഷനായ പേ ടിഎം സ്ലോട്ട് കണ്ടെത്തുന്നതിനൊപ്പം രജിസ്ട്രേഷനുമുള്ള സൗകര്യവും ഉറപ്പാക്കുന്നുണ്ട്. ഇതിനായി വാക്സിൻ ഫൈൻഡർ എന്ന പ്രത്യേക ഓപ്ഷൻ പേ ടിഎം തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ സംസ്ഥാനം, ജില്ല, പ്രായപരിധി, ഡോസ് എന്നിവ രേഖപ്പെടുത്തണം. പിന്നീട് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകി ഒടിപി കൂടി ചേർത്ത് വാക്സിനേഷൻ കേന്ദ്രം തെരഞ്ഞെടുക്കാം. മെയ് മാസത്തിലാണ് പേ ടിഎം വാക്സിൻ രജിസ്ട്രേഷൻ സൗകര്യം അവതരിപ്പിച്ചത്. കോവിൻ പോർട്ടലിന് സമാനമാണ് പേ ടിഎമ്മിന്റെ രജിസ്ട്രേഷൻ രീതിയും.
പേ ടിഎമ്മിന് പുറമെ ടെലഗ്രാം ആപ്പിലെ ഗ്രൂപ്പിൽനിന്നും വാക്സിൻ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ടെലഗ്രാമിൽ നിലവിൽ സ്ലോട്ട് ലഭ്യത മാത്രമാണ് പങ്കുവയ്ക്കുന്നത്. ഇതിനായി ഓരോ ജില്ലയ്ക്കായും പ്രത്യേക ഗ്രൂപ്പുകളുണ്ട്. ഓരോ ജില്ലാ ഗ്രൂപ്പിലും പതിനായിരക്കണക്കിന് അംഗങ്ങളാണുള്ളത്. ‘അണ്ടർ 45’ എന്ന പേരിലാണ് ഈ ഗ്രൂപ്പുകൾ നിരവധിപേർക്ക് കൃത്യമായി വിവരങ്ങൾ എത്തിക്കുന്നത്. പേടിഎം, ഇൻഫോസിസ്, മെയ്ക് മൈ ട്രിപ്പ് തുടങ്ങി വിവിധ ഡിജിറ്റൽ, ഐടി സ്ഥാപനങ്ങളെ വാക്സിൻ രജിസ്ട്രേഷൻ ബുക്കിങ്ങിനായി ഉപയോഗപ്പെടുത്തുമെന്ന് കോവിൻ മേധാവി ആർ എസ് ശർമ പറഞ്ഞിരുന്നു.