കൊച്ചി
കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായ വിനോദസഞ്ചാരമേഖലയ്ക്ക് പ്രതിസന്ധിയെ മുറിച്ചുകടക്കാൻ സർക്കാർ എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ മേഖലയ്ക്കുള്ള ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിന് ബാങ്ക് പ്രതിനിധികളുടെ യോഗം വിളിക്കും. കോവിഡ് രണ്ടാംതരംഗത്തിന്റെ രൂക്ഷത കുറഞ്ഞാലുടൻ ഈ മേഖലയിൽ 100 ശതമാനം വാക്സിനേഷൻ നടപ്പാക്കും. വിനോദസഞ്ചാരവികസനത്തിന് കൊച്ചി നഗരസഭയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള യോഗശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾക്കുള്ള പ്രയാസങ്ങൾ പൊതുമരാമത്തുവകുപ്പിനെ അറിയിക്കാനുള്ള മൊബൈൽ ആപ്പിന്റെ പോരായ്മ പരിഹരിക്കും. ട്രയൽ റൺ നടക്കുകയാണ്. 4000 കിലോമീറ്റർ റോഡിന്റെ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി. ബാക്കി 31,000 കിലോമീറ്റർ റോഡിന്റെ ഡിജിറ്റലൈസേഷനും വേഗത്തിൽ പൂർത്തിയാക്കും. കൺട്രോൾ റൂമുകളുടെ പ്രവർത്തനം വിപുലീകരിക്കും. ടോൾ ഫ്രീ നമ്പരിലെ പരാതികൾ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി പരിഹാരനടപടികൾ നിരീക്ഷിക്കുന്നുണ്ട്. ആഴ്ചയിലൊരിക്കൽ ജനങ്ങളുമായി സംവദിക്കുന്നതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കോഴിക്കോട് ദേശീയപാതയോട് ചേർന്ന് പൊതുമരാമത്തുസ്ഥലത്ത് പഴയ ബസുകൾ കൂട്ടിയിട്ട സ്ഥലം ഒഴിപ്പിച്ച് കംഫർട്ട് സ്റ്റേഷൻ നിർമിച്ചതുപോലെ പൊതുമരാമത്തുവകുപ്പിന്റെ മറ്റ് സ്ഥലങ്ങളിലെ കൈയേറ്റം ഒഴിപ്പിച്ച് പ്രയോജനപ്രദമായ കാര്യങ്ങൾക്ക് ഉപയോഗിക്കും. കേരളത്തിലെ റോഡുകളുടെ കാര്യത്തിൽ ജനങ്ങൾ കാഴ്ചക്കാരായല്ല കാവൽക്കാരായി മാറുകയാണെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്തുമന്ത്രിയെ വിളിക്കാം: റിങ് റോഡ് ഇന്ന്
പൊതുമരാമത്തുവകുപ്പുമായി ബന്ധപ്പെട്ട നിർദേശവും പരാതിയും അറിയിക്കുന്നതിന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടി ‘റിങ് റോഡി’ലേക്ക് വെള്ളിയാഴ്ച വിളിക്കാം. വൈകിട്ട് അഞ്ചുമുതൽ ആറുവരെയാണ് റിങ് റോഡ് പരിപാടി. മന്ത്രിയോട് ജനങ്ങൾക്ക് നേരിട്ട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കുന്നതാണ് റിങ് റോഡ്.
റോഡരികിലെ വെള്ളക്കെട്ട്, അനധികൃത പാർക്കിങ്, പഴയ വാഹനങ്ങൾ വർഷങ്ങളായി റോഡരികിൽ കിടക്കുന്നത് കാരണം ഗതാഗത പ്രശ്നവും സാമൂഹ്യവിരുദ്ധ ശല്യവും വർധിക്കുന്നത്, ഡ്രെയ്നേജ് മണ്ണ് നീക്കൽ, റോഡിന്റെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി എന്നിങ്ങനെയുള്ള വിഷയങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ ഉയർന്നുവന്നത്.
ജനങ്ങളുടെ പരാതികൾ കേൾക്കുകയും അപ്പോൾത്തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് ആ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുകയുമാണ് പരിപാടിയിലൂടെ ചെയ്യുന്നത്. ഔദ്യോഗിക യാത്രകൾക്കിടയിൽ ബന്ധപ്പെട്ട പരാതികളിൽ പറഞ്ഞ സ്ഥലങ്ങൾ സന്ദർശിച്ച് നടപടി വിലയിരുത്താനും മന്ത്രി സമയം കണ്ടെത്തുന്നുണ്ട്. നിരവധി പരാതിക്ക് അതിവേഗത്തിൽ പരിഹാരം കാണാനും കഴിഞ്ഞു. പൊതുമരാമത്തുവകുപ്പിനു കീഴിലെ കാര്യങ്ങളാണ് റിങ് റോഡിലൂടെ മന്ത്രിയെ അറിയിക്കേണ്ടത്.