കോപ്പൻഹേഗൻ
രാജ്യത്തിനുവേണ്ടി കളത്തിൽ പൊരുതാൻ ആശുപത്രിക്കിടക്കയിൽനിന്ന് അഭ്യർഥിച്ച ക്രിസ്റ്റൻ എറിക്സണിന്റെ വാക്കുകളുടെ ആവേശത്തിൽ ഇറങ്ങിയ ഡെൻമാർക്കിന് തോൽവി. ബൽജിയം 2–-1 ജയത്തോടെ പ്രീക്വാർട്ടറിലേക്ക് മുന്നേറി.
സ്വന്തം തട്ടകത്തിൽ യൂറോയുടെ ചരിത്രത്തിലെ അതിവേഗ ഗോളടിച്ച് ഡെൻമാർക്ക് ബൽജിയത്തെ ഞെട്ടിച്ചു. യൂസുഫ് പോൾസെൻ ഗോൾ നേടുമ്പോൾ കളിതുടങ്ങി ഒരുമിനിറ്റും 39 സെക്കൻഡും മാത്രം. 2004ൽ റഷ്യയുടെ ദിമിത്രി കിരിചെങ്കൊ ഗ്രീസിനെതിരെ നേടിയതാണ് ഏറ്റവും വേഗമേറിയ ഗോൾ. ഒരു മിനിറ്റും ഏഴ് സെക്കൻഡിലുമാണ് ആ ഗോൾ.
രണ്ടാംപകുതിയിൽ കളി തിരിച്ചുപിടിച്ച ബൽജിയം നിരയിൽ കെവിൻ ഡി ബ്രെയ്നിന്റെ വരവ് നിർണായമായി. 55–-ാം മിനിറ്റിൽ സമനില കണ്ടു. ഓടിക്കയറിയ റൊമേലു ലുക്കാക്കു പന്ത് ഡി ബ്രയ്ന് കൈമാറി. കാത്തിരുന്ന തോർഗൻ ഹസാർഡിന്റെ ബൂട്ടിലേക്ക് കൃത്യം. വലയിലേക്ക് തട്ടിയിടുമ്പോൾ ഗോളി നിസ്സഹായൻ. 15 മിനിറ്റിൽ ലുക്കാക്കു–- ഏദെൻ ഹസാർഡ് നീക്കത്തിനൊടുവിൽ ഡിബ്രയ്ൻ ലീഡ് നേടി.
അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ഡെൻമാർക്ക് പൊരുതിയത് സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. ബൽജിയം പ്രതിരോധവും ഗോൾകീപ്പർ തിബൗ കുർട്ടോയും ഡെൻമാർക്കിന്റെ വഴിയടച്ചു. രണ്ടാംതോൽവിയോടെ അവർ പുറത്തേക്കുള്ള വഴിയിലായി. ഇനി 22ന് റഷ്യക്കെതിരെയാണ് കളി. ബൽജിയത്തിന് ഫിൻലൻഡാണ് എതിരാളി. ഈ കളി കൂടി ജയിച്ചാൽ ബൽജിയം ഗ്രൂപ്പ് ചാമ്പ്യൻമാരാകും.
ഹൃദയാഘാതത്തെ തുടർന്ന് കളത്തിൽ കുഴഞ്ഞുവീണ് ആശുപത്രിയിലായ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സണ് അപൂർവ ആദരമുണ്ടായി. കളിക്കിടെ പത്താം മിനിറ്റിൽ കളി നിർത്തിവച്ചായിരുന്നു ആദരം. കളിക്കാരും റഫറിയും തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലെ കാണികളും കരഘോഷം മുഴക്കി. എറിക്സണിന്റെ ജേഴ്സി നമ്പർ പത്തായതാണ് പത്താം മിനിറ്റ് തെരഞ്ഞെടുത്തത്.