റോം
കണക്കുകൾ ഇങ്ങനെയാണ്:
ഇറ്റലി
29 മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. എതിരാളികളുടെ വലയിലേക്ക് തൊടുത്തത് 80 ഗോൾ. അവസാന 19 കളിയിൽ അടിച്ചുകൂട്ടിയത് 59 ഗോൾ. വഴങ്ങിയത് മൂന്നെണ്ണം.
അവസാന പത്ത് കളിയിൽ ഗോൾ വഴങ്ങിയില്ല. അടിച്ചുകൂട്ടിയത് 31 ഗോൾ. 2021ൽ കളിച്ചത് ഏഴ് കളി, ഏഴ് ജയം. നേടിയ ഗോൾ 31.യൂറോയിൽ രണ്ട് കളി, രണ്ട് ജയം, ആറ് ഗോൾ. പ്രീ ക്വാർട്ടർ ഉറപ്പിച്ച ആദ്യ സംഘം. കണക്കുകൾ കൃത്യമാണ്. ഈ ഇറ്റലിക്ക് മറ്റൊരു മുഖമാണ്.
ഇത്രയും കാലം ഇറ്റലിക്ക് ഒരു പേരുമാത്രമായിരുന്നു–- പ്രതിരോധം. സ്വന്തം ഗോൾമേഖലയിൽ മതിലുകെട്ടി എതിർ ആക്രമണങ്ങളുടെ മുനയൊടിച്ച്, അവരുടെ താളം തെറ്റിച്ച് അതിൽ ഉന്മാദംകൊണ്ടു. പ്രത്യാക്രമണങ്ങളിൽ നേടുന്ന ഒരു ഗോളിൽ എല്ലാം അവസാനിപ്പിച്ച്, പിൻവാങ്ങി സ്വന്തം കൂടാരത്തിൽ കാവൽനിന്നു. ആ നിരയിലെ പ്രതിഭകൾ അരങ്ങൊഴിഞ്ഞതോടെ ഇറ്റലി ആടിയുലഞ്ഞു. 2014 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ മടങ്ങി. 2018ൽ കാഴ്ചക്കാർ മാത്രമായി.
ആ ഇറ്റലി അവസാനിച്ചു. റോബർട്ടോ മാൻസീനിക്ക് കീഴിൽ പുതുശ്വാസം കിട്ടിയ ഇറ്റലി കളത്തിൽ കുറിച്ച കണക്കുകളായിരുന്നു ആദ്യം. ഗോളടിച്ച് അവർ ആനന്ദം കണ്ടെത്തി. അപ്പോഴും പ്രതിരോധമെന്ന മന്ത്രം മറന്നില്ല. 4–-3–-3 മൂന്ന് ശൈലിയിൽ കുതിക്കുകയാണ്. യൂറോയിൽ സ്വിറ്റ്സർലൻഡിനെതിരെയും മൂന്ന് ഗോൾ വർഷിച്ച് മുന്നേറുമ്പോൾ ഇറ്റലിക്ക് ലക്ഷ്യം കിരീടം മാത്രമാകുന്നു.
മാർകോ വെറാട്ടിക്ക് പരിക്കേറ്റതിനാൽ മധ്യനിരയിലെത്തിയ മാനുവെൽ ലോകാട്ടെല്ലിയാണ് സ്വിസിനെതിരെ മിന്നിയത്. ഇരട്ടഗോളുമായി ലോകാട്ടെല്ലി കളംനിറഞ്ഞു. ഒരെണ്ണം സിറൊ ഇമ്മൊബീലും നേടി. ‘ഇറ്റാലിയൻ നിര സമ്പൂർണമാണ്. ലോകാട്ടെല്ലി അതിലെ രത്നവും. നിയന്ത്രണം, വേഗം, സമ്മർദം ചെലുത്തൽ, ആറ് ഗോൾ. മാൻസീനി അതിമനോഹരമായി ഈ ഓർക്കസ്ട്ര ഒരുക്കിയിരിക്കുന്നു’–- ഇറ്റാലിയൻ പത്രം ഗസെറ്റ ഡെല്ലാ സ്പോർടിൽ മുൻ പരിശീലകൻ ക്ലോഡിയോ റനിയേരി എഴുതി.
സ്വിസ് മികച്ച സംഘമാണ്. പ്രതിരോധത്തിൽ മികവുള്ളവർ. കളിയുടെ ആദ്യ ഘട്ടങ്ങളിൽ ഇറ്റലിക്ക് അനായാസം ഗോൾമേഖലയിലേക്ക് കടന്നുകയറാനായില്ല. സ്വിസ് ആശ്വസിച്ചു. എന്നാൽ ഇറ്റലിയുടെ ഇടതുപാർശ്വത്തിൽ ഒരു കൊടുങ്കാറ്റ് രൂപപ്പെടുന്നത് സ്വിസുകാർ അറിഞ്ഞില്ല.
ലിയനാർഡോ സ്പിനസോള–-ലോകാട്ടെല്ലി–-ഇൻസിന്യെ സഖ്യം പെട്ടെന്ന് തന്നെ രൂപം മാറി സ്വിസ് ഗോൾമേഖലയിൽ എത്തി. സ്പിനസോളയുടെ ക്രോസുകൾ അവരെ ഭീതിയിലാഴ്ത്തി. ഇതിനിടെ ഇൻസിന്യെയുടെ കോർണറിൽ ജോർജിയോ കില്ലെനി ലക്ഷ്യം കണ്ടെങ്കിലും ‘വാറി’ൽ കൈ തട്ടിയതായി തെളിഞ്ഞു, ഗോൾ പിൻവലിച്ചു.
കളി പുരോഗമിക്കുംതോറും വലതുപാർശ്വത്തിൽ ഡൊമിനികോ ബെറാർഡിയും നിക്കോളോ ബറെല്ലയും അതിൽ കണ്ണിചേർന്നു. ലോകാട്ടെല്ലിയുടെ ആദ്യഗോളിന് ബെറാർഡിയും രണ്ടാമത്തേതിന് ബറെല്ലയുമാണ് അവസരമൊരുക്കിയത്. കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെയായിരുന്നു ഇമ്മൊബീലിന്റെ തകർപ്പൻ ഗോൾ വന്നത്. 1996നുശേഷം ആദ്യമായാണ് ഗോൾ വഴങ്ങാതെ, രണ്ടിൽ കൂടുതൽ ഗോളടിച്ച് ആദ്യ രണ്ട് മത്സരം പൂർത്തിയാക്കുന്നത്.
കില്ലെനിയുടെ പരിക്കാണ് ഇറ്റലിയുടെ ഇപ്പോഴത്തെ വേദന. പേശീവലിവ് കാരണം കളംവിട്ട കില്ലേനി വേഗം സുഖം പ്രാപിക്കുമെന്നാണ് മാൻസീനിയുടെ പ്രതീക്ഷ.
ഞായറാഴ്ച വെയ്ൽസുമായാണ് അടുത്ത കളി. ഗ്രൂപ്പ് എയി ചാമ്പ്യൻമാരായി മുന്നേറുകയാണ് ലക്ഷ്യം.