ജനീവ
അമേരിക്കയിൽ വർധിച്ചുവരുന്ന കൂട്ടക്കൊലകളെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ജനങ്ങൾക്ക് വായ് തുറക്കാനാകും മുമ്പ് വെടിവച്ച് കൊല്ലുകയാണ്. തെരുവിലൂടെ പോകുന്ന ആരുടെ കഴുത്തിലും വെടിയേൽക്കാമെന്ന അവസ്ഥയാണെന്നും അദ്ദേഹം തുറന്നടിച്ചു. ജനീവയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുടിൻ. ക്യാപിറ്റോൾ ആക്രമണത്തിലെ കുറ്റക്കാരെ ജയിലിലാക്കിയതിന് സമാനമായ നടപടിയാണ് റഷ്യയിൽ അലെക്സെയ് നവാൽനിയെ ജയിലിലടച്ചതെന്ന് പുടിൻ പറഞ്ഞു. ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ ശത്രുതയൊന്നും അനുഭവപ്പെട്ടില്ല.
സ്ഥാനപതികളെ
വീണ്ടുമയക്കും
ടെലിവിഷൻ അഭിമുഖത്തിൽ പുടിനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച ബൈഡന്റെ നടപടിയിൽ പ്രതിഷേധിച്ച് അമേരിക്ക വിട്ട റഷ്യൻ സ്ഥാനപതി അനറ്റോളി അന്റോനോവിനെയും തുടർന്ന് മോസ്കോ വിട്ട അമേരിക്കൻ സ്ഥാനപതി ജോൺ സള്ളിവനെയും തൽസ്ഥാനത്തേക്ക് തിരിച്ചയക്കാൻ ഇരു പ്രസിഡന്റുമാരും തീരുമാനിച്ചു. സൈബർ ആക്രമണത്തിൽ കൂടുതൽ ചർച്ച നടത്തും. ആണവായുധങ്ങൾ കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ചകൾ തുടങ്ങും.