ന്യൂഡൽഹി
പ്രതികളുടെ ജാമ്യാപേക്ഷ കാലതാമസമില്ലാതെ പരിഗണിക്കുന്നതില് കോടതികൾ വീഴ്ച വരുത്തരുതെന്ന സുപ്രീംകോടതി നിരീക്ഷണം കോവിഡ് കാലത്ത് ഏറെ പ്രസക്തം.
വ്യവസായി ചുന്നിലാൽ ഗാബയുടെ ജാമ്യാപേക്ഷ ഒരു വർഷമായിട്ടും പരിഗണിക്കാത്ത പഞ്ചാബ്–-ഹരിയാന ഹൈക്കോടതി നടപടിയിൽ കടുത്ത നിരാശ രേഖപ്പെടുത്തിയാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയ ഇടപെടല്.
‘ഒരു വർഷത്തിലേറെയായി ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്യപ്പെടാത്തത് ഞെട്ടിക്കുന്നു. ജാമ്യാപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെടാന് പ്രതികള്ക്ക് അവകാശമുണ്ട്. അത് പരിഗണിക്കാതിരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും നിഷേധമാണ്’–- ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.
‘ പരമാവധി കേസ് പരിഗണിക്കാൻ എല്ലാ കോടതിയും ശ്രമിക്കുന്നു. എന്നാൽ, ജാമ്യാപേക്ഷകൾ പരിഗണിക്കപ്പെടാതിരുന്നാൽ അത് മഹാമാരികാലത്തും നീതി ഉറപ്പാക്കാനുള്ള കോടതികളുടെ ശ്രമങ്ങൾ പരാജയപ്പെടുത്തും. എത്ര ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കപ്പെടാതിരിക്കുന്നത് വ്യക്തിയുടെ സ്വാതന്ത്രത്തിന്റെ മേലുള്ള കടന്നുകയറ്റമാണ്’–- സുപ്രീംകോടതി പറഞ്ഞു.
എല്ലാ കോടതികളിലെയും പകുതി ജഡ്ജിമാരെങ്കിലും ഒന്നിടവിട്ട ദിവസങ്ങൾ അടിയന്തര ഇടപെടൽ ആവശ്യമുള്ള കേസുകൾ പരിഗണിക്കാൻ മാറ്റിവയ്ക്കണമെന്ന നിർദേശവും നല്കി. കോവിഡ് കാലത്ത് കോടതികളിൽ ജാമ്യാപേക്ഷകൾ കെട്ടിക്കിടക്കെ സുപ്രീംകോടതി നിരീക്ഷണം ഏറെ പ്രസക്തമാണെന്ന് നിയമവൃത്തങ്ങൾ പറയുന്നു.