ബീജിങ്
ചൈനയുടെ ടിയാൻഗോങ് ബഹിരാകാശനിലയത്തിലേക്കുള്ള ആദ്യസംഘത്തെ വഹിച്ച് ഷെൻഛോ 12 പേടകം നിലയത്തിലെത്തി. വ്യാഴാഴ്ച രാവിലെ പുറപ്പട്ട പേടകം പകൽ 1.24ന് നിലയത്തിന്റെ കോർ കാബിനായ ടിയാൻഹെയിൽ ഡോക്ക് ചെയ്തു. യാത്രാസമയം 6.5 മണിക്കൂർ. ഗോബി മരുഭൂമിയിലെ വിക്ഷേപണകേന്ദ്രത്തിൽനിന്ന് ലോങ് മാർച്ച് 2 എഫ് റോക്കറ്റിലായിരുന്നു വിക്ഷേപണം.യാത്രികരായ നീ ഹൈഷെങ്, ലിയു ബോമിങ്, ടാങ് ഹോങ്ബോ എന്നിവർ ടിയാൻഹെയിൽ മൂന്നുമാസം താമസിച്ച് അറ്റകുറ്റപ്പണികൾ നടത്തും.
അടുത്ത വർഷം നിലയത്തിന്റെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ ഗവേഷണത്തിൽ പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സഹകരിക്കും.
വ്യാഴാഴ്ചത്തെ നേട്ടത്തോടെ 2003ന് ശേഷം ചൈന ബഹിരാകാശത്ത് അയച്ച യാത്രികരുടെ എണ്ണം 14 ആയി. കഴിഞ്ഞ ആറ് മാസത്തിനിടെ ചൈന ചന്ദ്രനിൽ നിന്ന് മണ്ണും പാറകളും ഭൂമിയിൽ എത്തിക്കുകയും ചൊവ്വയിൽ പേടകം ഇറക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയിലാണ് പുതിയ നേട്ടം . ഏപ്രിൽ 29നാണ് ടിയാൻഹെ വിക്ഷേപിച്ചത്. മെയ് 29ന് അതിലേക്ക് സാമഗ്രികളുമായി ചരക്കുപേടകവും വിക്ഷേപിച്ചു.