ഫീനിക്സ്
ലോകത്തെ ആദ്യ ‘മൊബൈൽ ഫോൺ’ കോളിന് 75 വയസ്സ് പിന്നിട്ടു. 1946 ജൂൺ 17നാണ് മൊബൈൽ ഫോൺ സർവീസ് എന്ന ആശയത്തിന്റെ മുതുമുത്തച്ഛനായ മൊബൈൽ ടെലിഫോൺ സംവിധാനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അമേരിക്കയിലെ സെയ്ന്റ് ലൂയിസ് നഗരത്തിൽ കാറിനുള്ളിൽ ഉപയോഗിച്ച 36 കിലോ ഭാരമുള്ള ടെലിഫോണാണ് ആദ്യ മൊബൈൽ ഫോൺ.
പ്രധാന നഗരങ്ങളിലും ഹൈവേകളിലും മാത്രമായിരുന്നു സേവനം. കാറിലെ റിസീവർ എടുത്ത് സംസാരിച്ചാൽ ടെലിഫോൺ ഓപ്പറേറ്റർ വഴി സംസാരിക്കാം. അതായിരുന്നു റിസ്റ്റ്വാച്ചിലേക്ക് പോലുമെത്തിയ ഇന്നത്തെ മൊബൈൽ ഫോണുകളുടെ തുടക്കം. രണ്ടുവർഷംകൊണ്ട് 5000ൽപരം വരിക്കാരായി. പിന്നീട് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴേക്ക് കൈയിൽ കൊണ്ടുനടക്കാവുന്ന മൊബൈൽ ഫോണുകൾ പിറന്നു.