വാഷിങ്ടൺ
അടിമത്തം അവസാനിപ്പിച്ചതിന്റെ ഓർമയ്ക്കായി ജൂൺ 19 (ജൂൺടീൻത്) അവധിദിനമാക്കാൻ അമേരിക്ക. പ്രതിനിധി സഭ 14ന് എതിരെ 415 വോട്ടിനാണ് ബിൽ പാസാക്കിയത്. പ്രസിഡന്റ് ജോ ബൈഡന്റെ അംഗീകാരത്തിനായി അയച്ചു. സെനറ്റ് ബിൽ ഏകകണ്ഠമായി പാസാക്കിയിരുന്നു. 1983ൽ ‘മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ദിനം’ പ്രഖ്യാപിച്ചശേഷം ആദ്യമായാണ് പുതുതായി ഒരു അവധിദിനം തീരുമാനിക്കുന്നത്. ദേശീയതലത്തിലെ പന്ത്രണ്ടാമത് അവധിദിനമാണിത്.
1865 ജൂൺ 19നാണ് ടെക്സാസ് ഗാൽവസ്റ്റണിൽ തടവിലാക്കപ്പെട്ട കറുത്ത വംശജരെ വിട്ടയക്കുന്നതായി സൈന്യം പ്രഖ്യാപിച്ചത്. അടിമകളെ സ്വതന്ത്രരാക്കിക്കൊണ്ടുള്ള എബ്രഹാം ലിങ്കന്റെ പ്രഖ്യാപനത്തിന് രണ്ടര വർഷം കഴിഞ്ഞായിരുന്നു ഇത്.