തൃശൂർ
ബിജെപിയുടെ കുഴൽപ്പണം കവർന്ന കേസിൽ പണത്തിന്റെ രേഖ ഹാജരാക്കാൻ ധർമരാജനായില്ല. കവർച്ച ചെയ്ത 3.25 കോടി തന്റേതാണെന്നും തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് ഇയാൾ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നാണ് രേഖ ഹാജരാക്കാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷകസംഘം വിളിപ്പിച്ചത്.
തൃശൂർ പൊലീസ് ക്ലബ്ബിൽ വ്യാഴാഴ്ച രാവിലെ ഹാജരാകാനായിരുന്നു നിർദേശം. ഇയാളെ വീണ്ടും വിളിപ്പിക്കും. ഹാജരായില്ലെങ്കിൽ കോടതിയെ അറിയിച്ച് നിയമനടപടി സ്വീകരിക്കും. അന്വേഷകസംഘവുമായി സഹകരിക്കേണ്ടതില്ലെന്നും ഹാജരാകേണ്ടതില്ലെന്നുമാണ് ബിജെപി തീരുമാനം.
പണം ബിജെപിയുടേതല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമം. നേതാക്കളുടെ നിർദേശപ്രകാരമാണ് ധർമരാജൻ ഹർജി നൽകിയതെന്നാണ് സൂചന. ബിജെപി വാദം പൊളിച്ച് അന്വേഷകസംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി ഇറക്കിയ കുഴൽപ്പണത്തിന്റെ ഒരു ഭാഗമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത്. ബിജെപി സംഘടനാ സെക്രട്ടറി ഗണേശ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻ എന്നിവരുടെ നിർദേശപ്രകാരമാണ് പണം ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്ക്ക് നൽകാൻ കൊണ്ടുപോയതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.