കാസർകോട്
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുവേണ്ടി മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരയ്ക്ക് ബിജെപി പണം നൽകിയ കേസിൽ ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 29ന് സുന്ദരയുടെയും 30ന് സാക്ഷികളുടെയും രഹസ്യമൊഴിയെടുക്കും. കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിലാണ് ഉത്തരവ്.
സിആർപിസി 164 പ്രകാരമാണ് രഹസ്യമൊഴിയെടുക്കുക. ഇതുസംബന്ധിച്ച് തപാലിൽ ഇവർക്ക് ഹൊസ്ദുർഗ് കോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിനാണ് കോടതി നിർദേശപ്രകാരം കെ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. തന്നെ തട്ടിക്കൊണ്ടുപോയി ബിജെപി ഓഫീസിൽ തടങ്കലിൽവച്ച് ഭീഷണിപ്പെടുത്തിയാണ് സ്ഥാനാർഥിത്വം പിൻവലിപ്പിച്ചതെന്ന് സുന്ദര ക്രൈംബ്രാഞ്ചിന് മൊഴിനൽകിയിരുന്നു.
വ്യാഴാഴ്ച സുന്ദരയുമായി പെർള ടൗണിലെത്തി ക്രൈംബ്രാഞ്ച് തെളിവെടുത്തു. ബിജെപി നൽകിയ രണ്ടര ലക്ഷം രൂപ ചെലവഴിച്ചതുമായി ബന്ധപ്പെട്ടാണിത്. ഈ തുകയിൽനിന്നാണ് വീടിന്റെ അറ്റകുറ്റപ്പണിക്ക് പണം ചെലവഴിച്ചത്. അലുമിനിയം ഷീറ്റ് വാങ്ങിയ കടയിലാണ് ഡിവൈഎസ്പി എ സതീഷ്കുമാറിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.
ഒരു ലക്ഷം രൂപ സുന്ദരയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് വീണ്ടെടുത്തിരുന്നു. ബന്ധുകൾക്ക് സുന്ദര 70,000 രൂപ നൽകിയതായും കണ്ടെത്തി. ബാക്കി തുക ചെലവഴിച്ചതിന്റെ തെളിവുതേടുകയാണ് അന്വേഷകസംഘം. തെളിവെടുപ്പും കോടതിയിലെ രഹസ്യമൊഴിയെടുപ്പും പൂർത്തിയാകുന്നതോടെ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങൾക്കും കേസ് രജിസ്റ്റർചെയ്യും.