തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് മാർഗ നിർദേശങ്ങളായി. ഒറ്റ- ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താം. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് സർവീസ് നടത്തണമെന്ന നിർദേശമാണ് മാർഗനിർദേശത്തിൽ പ്രധാനമായും ഗതാഗത മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിക്കുന്നത്.
നാളെ (വെള്ളിയാഴ്ച ) ഒറ്റയക്ക ബസുകൾ സർവീസസ് നടത്തണം. അടുത്ത തിങ്കൾ (ജൂൺ 21), ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്ക് സർവീസ് നടത്താം. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒറ്റയക്ക ബസുകൾ വേണം നിരത്തിൽ ഇറങ്ങാൻ. അതേ സമയം ശനി, ഞായർ ദിവസങ്ങളിൽ ബസ് സർവീസ് അനുവദിക്കില്ല.
എല്ലാ സ്വകാര്യ ബസുകൾക്കും എല്ലാ ദിവസവും സർവീസ് നടത്താവുന്ന സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളതെന്നും അതിനാലാണ് അത്തരം ഒരു ക്രമീകരണം ഏർപ്പെടുത്തിയതെന്നുമാണ് മാർഗനിർദേശത്തിൽ പറയുന്നു. തുടർന്ന് ഇതിൽ മാറ്റം വരുത്തുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
അതേസമയം തിരുമാനത്തിനെതിരേ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ രംഗത്ത് വന്നു. സർക്കാർ നിർദേശം അംഗീകരിക്കാൻ കഴിയില്ലെന്നും കാര്യമായ പഠനങ്ങൾ നടത്താതെയാണ് ഈ നിർദേശമെന്നും അസോസിയേഷൻ പറഞ്ഞു. അഞ്ച് ദിവസവും സർവീസ് നടത്തിയാൽ പോലും കാര്യമായ വരുമാനമില്ലാത്ത സാഹചര്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താൻ അനുമതി നൽകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കു. ഇതുമായി സഹകരിക്കില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറഞ്ഞു.
Content Highlights: Guidelines for private bus service operation in Kerala