തിരുവനന്തപുരം: കെ.പി.സി.സി. ആസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ തിരക്കുമായി ബന്ധപ്പെട്ട് പാലക്കാട് എം.എൽ.എ. ഷാഫി പറമ്പിലിനെ ട്രോളി സോഷ്യൽ മീഡിയ. കെ.പി.സി.സി. പ്രസിഡന്റായി കെ. സുധാകരൻ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് കെ.പി.സി.സി. ആസ്ഥാനത്ത്വൻതിരക്ക് അനുഭവപ്പെട്ടിരുന്നു.
കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാതെ പ്രവർത്തകരും നേതാക്കളും തിരുവനന്തപുരത്തുള്ള കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിര ഭവനിൽ തടിച്ചു കൂടി. ഇത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കി. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ ഷാഫി പറമ്പിലിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയത്. രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ആ 500ൽ ഞങ്ങളില്ലെന്ന് ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റാണ് ഇപ്പോൾ ഷാഫി പറമ്പിലിനെ ട്രോളാനായി ഉപയോഗിക്കുന്നത്.
500 പേരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു രാണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ. കോവിഡ് മഹാമാരിക്കിടയിൽ ഇത്രയും പേരെ സംഘടിപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷാംഗങ്ങൾ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിക്കുകയും ചെയ്തിരുന്നു.
കെ.പി.സി.സി. ആസ്ഥാനത്തെ ആൾക്കൂട്ടവും സത്യാപ്രതിജ്ഞാ ചടങ്ങിലെ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിടങ്ങളുടെയും ചിത്രങ്ങൾ ഒന്നിച്ചു ചേർത്തും ഷാഫി പറമ്പിലിനെതിരെ ട്രോളുകൾ ഉയരുന്നുണ്ട്.
Content Highlight: social media Troll against Shafi Parambil