തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ വേഗത്തിലും ഫലപ്രദമായും നടപ്പിലാക്കാൻ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടന (കെ.ജി എം.ഒ.എ)നിലവിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്നുണ്ടെങ്കിലുംമൊബൈൽ/ ലാപ്ടോപ്പ് എന്നിവ നന്നായി ഉപയോഗിക്കാൻ അറിയാവുന്നവർക്ക് മാത്രമെ ബുക്ക് ചെയ്യാൻ സാധിക്കുന്നുള്ളുവെന്നും 10 മിനിറ്റുകൾക്കുള്ളിൽ തന്നെ ബുക്കിംഗ് തീരുന്നതായും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം പഞ്ചായത്തിൽ തന്നെ ബുക്കിംഗ് വളരെ ചെറിയ ശതമാനം ആളുകൾക്ക് മാത്രമെ സാധിക്കുന്നുള്ളുവെന്നും വാക്സിനേഷന് വേണ്ടി മറ്റു പഞ്ചായത്തുകളിലേക്കും, ദൂരസ്ഥലങ്ങളിലേക്കും സഞ്ചരിക്കേണ്ടി വരുന്നത് രോഗപ്പകർച്ചയ്ക്ക് കാരണമായേക്കാം. വലിയ വിഭാഗം ജനങ്ങൾക്ക് ബുക്കിംഗ് കിട്ടുന്നില്ല, രണ്ടാം ഡോസുകാർക്കും കൃത്യമായ ഇടവേളകളിൽ ബുക്കിംഗ് സാധിക്കുന്നില്ല .സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് വാക്സിനേഷൻ കൂടുതൽ ചിട്ടയായ രൂപത്തിൽ നടപ്പിലാക്കേണ്ടതുണ്ടെന്നും കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
കെ.ജി.എം.ഒ.എ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ
1. ഓരോ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും ജനസാന്ദ്രതയും അടിസ്ഥാനസൗകര്യംവും അനുസരിച്ചു വാക്സിൻ ലഭ്യമാക്കുക. ഇത് 80 ശതമാനം സ്പോട് രജിസ്ട്രേഷൻ ആയും, ബാക്കി 20 ശതമാനം ഓൺലൈൻ ആയും ഷെഡ്യൂൾ ചെയ്യണം.ഓൺലൈൻ രെജിസ്ട്രേഷൻ പ്രവാസികൾക്കും വിദേശത്തു പോകാൻ ശ്രമിക്കുന്നവർക്കും സന്നദ്ധ പ്രവർത്തകർക്കും മാത്രമായി നിജപ്പെടുത്തുക.
2 . ഗുണഭോക്താവിനെ തിരഞ്ഞെടുക്കൽ : ഗ്രാമ പ്രദേശങ്ങൾക്കും നഗര പ്രദേശങ്ങൾക്കും പ്രത്യേകം സ്ട്രാറ്റജി സ്വീകരിക്കാവുന്നതാണ്
പഞ്ചായത്ത്, മുനിസിസിപ്പാലിറ്റി: വോട്ടർ പട്ടിക അല്ലെങ്കിൽ വീട്ടുനമ്പർ ക്രമത്തിൽ ഓരോ വാർഡുകളിലെയും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാവുന്നതാണ്. അങ്ങനെ സ്വീകരിക്കുന്നത് മറ്റു ആക്ഷേപങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും.
എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ മൈക്രോപ്ലാൻ തയ്യാറാക്കുക. ( നിലവിൽ അത്തരമൊന്ന് ഇല്ലെന്ന് മാത്രമല്ല വാക്സിനേഷൻ എടുത്തവരുടെ വിവരങ്ങൾ അറിയുന്നതിന് നിത്യേനയെന്നോണം സർവ്വേ നടത്തേണ്ടുന്ന അവസ്ഥയാണ് ഉള്ളത്. തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തിൽ വാക്സിനെടുത്തവരുടെ ലിസ്റ്റ് പോർട്ടലിൽ ലഭ്യമല്ല)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് വോട്ടർ പട്ടിക അടിസ്ഥാന രേഖയാക്കി ലഭ്യമാക്കുക. ഇതിൽ ഉൾകൊള്ളാതെ പോയ ആളുകളെ അവരുടെ അപേക്ഷപ്രകാരമോ അന്വേഷണം നടത്തിയോ ഉൾപ്പെടുത്താവുന്നതാണ്.
പ്രസ്തുത പട്ടിക ( excel format) യിൽ ഇതുവരെ വാക്സിൻ എടുത്തവരുടെ വാക്സിൻ ഇനം, ഡോസ്, തീയതി എന്നിവ രേഖപെടുത്തി വെക്കുക. വോട്ടർപട്ടികയിൽ ഇല്ലാത്ത സ്ഥല നിവാസികളെ ഈ പട്ടികയിൽ അനുബന്ധമായി ഉൾപ്പെടുത്തുക.
വാർഡ് തലത്തിൽ മുൻഗണന ക്രമം തയ്യാറാക്കുക. പ്രായം, രോഗാവസ്ഥ, സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ (പ്രത്യേകിച്ച് ഒരുമിച്ച് തിങ്ങിപാർക്കുന്ന ഇടങ്ങൾ) എന്നിവ ഇതിനായി പരിഗണിക്കണം.
വീട്ടുനമ്പരിന്റെ ക്രമം അനുസരിച്ച് വാക്സിൻ ലഭ്യത കൂടി പരിഗണിച്ച് മേൽസൂചിപ്പിച്ച മുൻഗണന ക്രമത്തിലോ അല്ലാതെയോ വാക്സിൻ നൽകാനുള്ളവരെ വാർഡ്തല ആരോഗ്യസമിതി / RRT നിശ്ചയിച്ച് നൽകുക.
വീട്ടുനമ്പറിന്റെ ക്രമം എന്നത് ഇഷ്ട്ടക്കാരെ മാത്രം പരിഗണിച്ചു എന്ന ആരോപണം ഒഴിവാക്കുന്നതിനും ഓരോ പ്രദേശം പൂർണ്ണമായി വാക്സിൻ എടുത്തു എന്ന് മനസ്സിലാക്കുന്നതിനും സഹായകമാണ്.
ഓരോ ആശുപത്രികളിലെയും വാക്സിനേഷൻ സെഷൻസ് നടക്കുന്നതിനൊപ്പം തന്നെ മറ്റു സബ്സെന്ററുകളിലും ആഴ്ചയിൽ 5 ദിവസം വീതം രാവിലെ 9 മുതൽ 2 മണി വരെ 50 -75 പേർക്ക് വാക്സിനേഷൻ നൽകാവുന്നതാണ് .വാക്സിനേറ്റർ ആയി jphn ഉം ടാറ്റ എൻട്രി jhi യും ലിസ്റ്റ് തയ്യാറാക്കുന്നതിന് വാർഡ് ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റിയെയും ചുമതലപ്പെടുത്താവുന്നതാണ് .ഇങ്ങനെ ലിസ്റ്റ് ചെയ്യുന്നത് കൊണ്ട് ഒരു വ്യക്തിയും ഒഴിവാക്കപ്പെട്ടു പോകുന്നത് തടയാൻ സാധിക്കും.ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പേരിലേക്ക് വാക്സിൻ എത്തിക്കുന്നതിന് ഇതുമൂലം സാധിക്കുന്നതാണ് .ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്ത phc /chc യിലും jphn/ JHI ഇല്ലാത്ത സബ്സെന്ററുകളിലും NHM വഴിയോ പഞ്ചായത്തു മുഖേനയോ സന്നദ്ധ പ്രവർത്തകരെയോ നിയോഗിക്കാവുന്നതാണ് .അടിയന്തിര സാഹചര്യങ്ങളിൽ അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള വാഹനസൗകര്യം നൽകുന്നതിന് പഞ്ചായത്ത് മുൻകൈ എടുക്കേണ്ടതാണ് .
കോർപ്പറേഷന് വോട്ടർ പട്ടിക അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാവുന്നതാണ്. ഒപ്പം തന്നെ ഓൺലൈൻ സെഷൻസ് സ്റ്റേഡിയം ,ആഡിറ്റോറിയങ്ങൾ എന്നിവ കേന്ദ്രീകരിച്ചു ചെയ്യാവുന്നതാണ് .ഫ്ളാറ്റുകൾക്കായി റെസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടുത്തിക്കൊണ്ട് NH M ന്റെ വാക്സിനേഷൻ മൊബൈൽ ടീം ഉപയോഗിച്ച് വാക്സിനേഷൻ നൽകാവുന്നതാണ് .
3 . എല്ലാ മേജർ പ്രൈവറ്റ് ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ചെറുകിട പ്രൈവറ്റ് ആശുപത്രികളിലും ഗവണ്മെന്റ് തന്നെ വാക്സിൻ നൽകിക്കൊണ്ട് ആശുപത്രികൾക്ക് സർവീസ് ചാർജ് 100 -150 രൂപ മാത്രം ഈടാക്കി വാക്സിനേഷൻ നടത്താൻ അനുവദിക്കണം.കേന്ദ്ര / സംസ്ഥാന മാർഗരേഖ അനുസരിച്ചു വാക്സിൻ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.
Content Highlight: KGMOA submitted suggestions for Covid vaccination