ആലപ്പുഴ: കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ ബി.ജെ.പി. പ്രവർത്തകർ മരംമുറി സംഭവത്തിൽ നടത്തിയ പ്രതിഷേധത്തിനിടെ പെട്രോൾ വിലവർധനവിനെതിരായ പ്ലക്കാർഡ് ഉയർന്നതിൽ പ്രതികരണവുമായി മുൻ മന്ത്രി തോമസ് ഐസക്. പെട്രോൾ വില സെഞ്ചുറിയടച്ചു, പ്രതിഷേധിക്കുക എന്ന പ്ലക്കാർഡ് ഉയർത്തിയ കുട്ടിയെ ട്രോളുന്നതിൽ അർത്ഥമില്ല; ബി.ജെ.പിക്കാരുടെ ഉള്ളിലെ പ്രതിഷേധമാണ് ഉയർത്തിയതെന്ന് ഐസക് പറഞ്ഞു ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ…
ആറ്റിങ്ങലിൽ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയിൽ ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാൻ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്ഐയുടെ ഒരു പ്ലക്കാർഡ് ബിജെപി പ്രവർത്തകർ ഉയർത്തിപ്പിടിക്കില്ല എന്നത് നൂറു തരം.
പക്ഷേ, ഇവിടെ പെട്രോൾ വില വർദ്ധനയ്ക്കെതിരെയാണ് പ്ലക്കാർഡ്. ഈ പ്ലക്കാർഡ് പിടിച്ച പെൺകുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാൻ മനസിലാക്കുന്നത്. പെട്രോൾ വില ഇങ്ങനെ കുതിച്ചുയരുന്നതിൽ ആ പ്രവർത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.
ആ കുട്ടിയെ ട്രോളുന്നതിൽ അർത്ഥമില്ല. പെട്രോൾ വില വർദ്ധനയ്ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവർത്തകർ തങ്ങളുടെ ഉള്ളിൽ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവർ ഉയർത്തിപ്പിടിച്ചത്.
ഇത് അല്ലെങ്കിൽ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാൻ ആർക്കെങ്കിലും കഴിയുമോ?
Content Highlights:Thomas Isaaq fb post about bjp protest-petrol price