മ്യൂണിക്
ജർമനിയുടെ മുനയൊടിക്കാൻ പോൾ പോഗ്ബയുടെ നീളമുള്ള കാലുകൾ മതിയായിരുന്നു. ഓരോ നീക്കത്തിലും ആശയങ്ങൾ നിറച്ച് ആ കാലുകൾ നീങ്ങിയപ്പോൾ ജർമനിയുടെ പ്രതിരോധവും മുന്നേറ്റക്കാരുമെല്ലാം ഓടിമടുത്തു. ഫ്രാൻസിന് വിജയമൊരുക്കിയ ഗോളിനുപിന്നിലും പോഗ്ബയായിരുന്നു. ജർമൻ പ്രതിരോധക്കാരൻ മാറ്റ് ഹമ്മെൽസിനെ പിഴവിലേക്ക് നയിക്കാൻ ആ നീക്കത്തിന് കഴിഞ്ഞു.
പോർച്ചുഗൽ ഗംഭീരമായി തുടങ്ങിയ ഗ്രൂപ്പ് എഫിൽ ജർമനിക്കെതിരായ ജയം ഫ്രാൻസിന് കരുത്തുപകരും. ജർമനിക്ക് കടുക്കും. ഹമ്മെൽസിന്റെ പിഴവുഗോളിൽ ജർമനി തളർന്നുപോവുകയായിരുന്നു.മധ്യനിരയുടെ ഇടതുവശത്തായിരുന്നു പരിശീലകൻ ദിദിയർ ദെഷാം പോഗ്ബയ്ക്ക് ഇടംനൽകിയത്. മുന്നിൽ കിലിയൻ എംബാപ്പെ, പിന്നിൽ ലൂക്കാസ് ഹെർണാണ്ടസ്. ജർമനിയുടെ എൻജിനായ ജോഷ്വ കിമ്മിക്കിനെ തളർത്തിയത് ഇടതുവശത്തെ ഈ നിരയായിരുന്നു. പോഗ്ബ മധ്യനിര ഭരിച്ചു. ഹമ്മെൽസിനെ പിഴവുഗോളിലേക്ക് നയിച്ച നീക്കം ഗംഭീരമായിരുന്നു. ബോക്സിനുമുന്നിൽ, മധ്യഭാഗത്തുനിന്ന് പോഗ്ബ പന്ത് കോരിയിടുമ്പോൾ ജർമനിക്ക് അപകടത്തിന്റെ സൂചനപോലും കിട്ടിയിരുന്നില്ല. ഇടതുമൂലയിൽ ആരെയും അവർ കണ്ടതുമില്ല. എന്നാൽ, പോഗ്ബയുടെ കണക്കുകൂട്ടലിൽ കുതിച്ചെത്തുന്ന ഹെർണാണ്ടസുണ്ടായിരുന്നു. അപ്രതീക്ഷിത നീക്കത്തിൽ ജർമൻ പ്രതിരോധം പതറി. ഹെർണാണ്ടസിന്റെ ക്രോസ് എത്തുമ്പോൾ ഹമ്മെൽസ് സ്ഥാനംമാറി നിൽക്കുകയായിരുന്നു. അടിച്ചൊഴിവാക്കാനുള്ള ഹമ്മെൽസിന്റെ ശ്രമം സ്വന്തം വലയിലേക്കുതന്നെയായി. മധ്യനിരയിൽ പോഗ്ബയുടെ പങ്കാളികളും മിന്നി.
എൻഗോളോ കാന്റെയും അഡ്രിയാൻ റാബിയട്ടും ചേർന്നപ്പോൾ മധ്യനിരയിൽ യൂറോയിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു കണ്ടത്. മുന്നേറ്റത്തിൽ എംബാപ്പെയുടെ വേഗതയ്ക്കുമുന്നിൽ ജർമൻ പ്രതിരോധം വിളറിപ്പോയി. അച്ചടക്കമുള്ള കളിയായിരുന്നു ദെഷാമിന്റെ സംഘത്തിന്റേത്. തന്ത്രപരമായും അവർ മുന്നിൽനിന്നു. പ്രതിരോധം കടുപ്പിച്ചു. മുന്നേറ്റക്കാരൻ ഒൺടോയ്ൻ ഗ്രീസ്മാൻ വലതുബാക്ക് സ്ഥാനത്തായിരുന്നു കളി അവസാനിപ്പിച്ചത്. ജർമൻ നീക്കങ്ങളെ പൂർണതയിലെത്തുംമുമ്പ് ഫ്രഞ്ചുകാർ തകർത്തുകളഞ്ഞു.
കളിയുടെ അവസാനഘട്ടത്തിൽ ബെൻസെമയുടെ ഓഫ് സൈഡ് ഗോളിലേക്കുള്ള വഴിയും പോഗ്ബയുടെ കാലിൽനിന്നായിരുന്നു. ‘ഹോക്കി അസിസ്റ്റ്’ എന്നായിരുന്നു ആ അവസരമൊരുക്കലിനെ വിശേഷിപ്പിച്ചത്. കളിയിൽ 12 തവണയാണ് ഈ ഇരുപത്തെട്ടുകാരൻ എതിരാളികളുടെ കാലിൽനിന്ന് പന്ത് റാഞ്ചിയത്. മത്സരത്തിൽ ഏറ്റവും കൂടുതൽ പാസും ഈ ഇരുപത്തെട്ടുകാരന്റെ കാലിൽനിന്നായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് കുപ്പായത്തിൽ മങ്ങിയ പോഗ്ബ ദേശീയ കുപ്പായത്തിൽ മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. ‘ഇത് ഞങ്ങളുടെ സംഘശേഷിയുടെ വിജയമാണ്. കളത്തിൽ പരിധിവിട്ടില്ല. ഒത്തിണക്കത്തോടെ പന്ത് തട്ടി. കൂട്ടായ പരിശ്രമം നടത്തി’–- മത്സരശേഷം പോഗ്ബ പറഞ്ഞു. ഫ്രാൻസിന്റെ അടുത്തമത്സരം 19ന് ഹംഗറിയുമായാണ്. ജർമനി ചാമ്പ്യൻമാരായ പോർച്ചുഗലിനെ നേരിടും.