കളിക്കളത്തിലെ ഇടിമുഴക്കമാണ് റൊണാൾഡോ. കളത്തിനും പുറത്തും വ്യത്യസ്തനാണ് പോർച്ചുഗീസ് ക്യാപ്റ്റൻ. സാമൂഹ്യമാധ്യമങ്ങളിൽ 50 കോടിയോളം ആരാധകരാണ് മുപ്പത്താറുകാരനെ പിന്തുടരുന്നത്. മെസ്സിയും നെയ്മറും ഉണ്ടെങ്കിലും ആരും ആരാധിച്ചുപോകും. രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരനെന്ന അതുല്യനേട്ടം സ്വന്തമാക്കാൻ നാല് ഗോൾകൂടി. ഇറാന്റെ അലി ദേയിയാണ് മുന്നിൽ. 109 ഗോൾ. റൊണാൾഡോയ്ക്ക് 106 ആയി. അവസാന 43 കളിയിൽ പോർച്ചുഗീസ് കുപ്പായത്തിൽ 45 ഗോളാണ് നേടിയത്.
ഹംഗറിക്കെതിരെ ഇരട്ടഗോളടിച്ച് യൂറോയിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി–- 11 ഗോൾ. ഏറ്റവും കൂടുതൽ യൂറോ കപ്പുകളിൽ കളിച്ച താരം 5 (2004, 2008, 2012, 2016, 2020). 2004 ജൂൺ 12ന് ഗ്രീസിനെതിരായ മത്സരത്തിൽ അരങ്ങേറ്റം. ഗോളടിച്ചായിരുന്നു തുടക്കം. പിന്നീടുള്ള നാല് ടൂർണമെന്റുകളിലും പോർച്ചുഗീസ് മുന്നേറ്റക്കാരൻ വലകണ്ടു. ആകെ 22 കളി. 1984ലെ പതിപ്പിൽ ഒമ്പത് ഗോളടിച്ച ഫ്രാൻസിന്റെ മിഷേൽ പ്ലാറ്റിനിയായിരുന്നു മുന്നിൽ. പോർച്ചുഗലിനായി കളിച്ച എല്ലാ പ്രധാന ടൂർണമെന്റിലും ഗോളടിച്ചിട്ടുണ്ട്. നാല് ലോകകപ്പും അഞ്ച് യൂറോയും ഉൾപ്പെടെ 11 ടൂർണമെന്റുകളിൽ ലക്ഷ്യംകണ്ടു.