റിയോ ഡി ജനീറോ
കോപ അമേരിക്ക ഫുട്ബോളിൽ രണ്ടാംജയം ലക്ഷ്യമിട്ട് ബ്രസീൽ. നാളെ പെറുവാണ് എതിരാളി. കഴിഞ്ഞ കോപ ഫൈനലിന്റെ ആവർത്തനമാണ് ഈ ഗ്രൂപ്പ് പോരാട്ടം. വെനസ്വേലയെ തകർത്താണ് നെയ്മറും കൂട്ടരും എത്തുന്നത്. പെറുവിന് ഇത് ആദ്യ കളിയാണ്. മറ്റൊരു മത്സരത്തിൽ കൊളംബിയ വെനസ്വേലയെ നേരിടും.
നെയ്മറിന്റെ മികവിലാണ് ബ്രസീൽ വെനസ്വേലയെ തകർത്തത്. മൂന്ന് ഗോളിനായിരുന്നു ജയം. പെറുവിനെതിരെ ആദ്യ പതിനൊന്നിൽ ഗബ്രിയേൽ ജെസ്യൂസിന് പകരം ഗബ്രിയേൽ ബാർബോസ എത്തിയേക്കും. ജെസ്യൂസ് കുറച്ചുകാലമായി മങ്ങലിലാണ്. ഇരുപത്തിനാലുകാരനായ ബാർബോസയാകട്ടെ വെനസ്വേലയ്ക്കെതിരെ പകരക്കാരനായി എത്തി ഗോളടിച്ചു. ടിറ്റെയുടെ സംഘത്തിൽ മറ്റ് മാറ്റങ്ങൾ ഒന്നുമുണ്ടാകില്ല. പാബ്ലോ ഗുറേറോ ഉൾപ്പെടെ പല പ്രമുഖരെയും ഒഴിവാക്കി യുവനിരയ്ക്ക് പ്രാധാന്യം നൽകിയാണ് പെറു എത്തുന്നത്.