തിരുവനന്തപുരം
കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്യാതെ വാക്സിനേഷനെടുക്കാമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയ നിർദേശത്തിലെ പ്രായോഗികത പരിശോധിക്കണമെന്ന് ആരോഗ്യപ്രവർത്തകർ. നേരിട്ടെത്തി വാക്സിനെടുക്കാമെന്നറിഞ്ഞാൽ ആളുകൾ കൂട്ടത്തോടെ കേന്ദ്രങ്ങളിലെത്തി തിക്കിനും തിരക്കിനും കാരണമാകും. ഇത് രോഗവ്യാപനത്തിനും ഇടയാകും. അതേസമയം ഇതുസംബന്ധിച്ച കേന്ദ്ര നിർദേശം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇത്തരത്തിൽ വാക്സിനേഷൻ നടത്തിയപ്പോൾ വൻതിരക്കുണ്ടായി. അത്തരം പ്രശ്നങ്ങൾ ഉയർന്നുവരാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും.സാധാരണക്കാർക്ക് ഓൺലൈൻ സംവിധാനം കൂടാതെ വാക്സിൻ ലഭിക്കുന്നത് നല്ലതാണ്. എന്നാൽ ആൾക്കൂട്ടം, മറ്റ് പ്രശ്നങ്ങൾ എന്നിവയൊക്കെ പരിഹരിക്കാൻ പൊലീസ് സഹായംകൂടി വേണ്ടിവരും. ഇവ കൈകാര്യം ചെയ്യാൻ ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞെന്നുവരില്ലെന്നും കേരള ഗവ. നേഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു.
അതേസമയം പ്രതിദിന വാക്സിനേഷൻ രണ്ടര ലക്ഷമാക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ രജിസ്ട്രേഷൻ സാധിക്കാത്തവർക്ക് സംസ്ഥാനത്ത് പ്രത്യേക വാക്സിൻ ഡ്രൈവ് നടത്തുമെന്ന് മന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വാക്ക് ഇൻ
18 വയസ്സിന് മുകളിലുള്ളവർക്ക് ഓൺലൈൻ രജിസ്ട്രേഷനില്ലാതെ വാക്സിനെടുക്കാൻ വിതരണ കേന്ദ്രങ്ങളിലെത്താമെന്നായിരുന്നു ആരോഗ്യമന്ത്രാലയം അറിയിച്ചത്. രാജ്യത്ത് എല്ലാവർക്കും സൗജന്യ വാക്സിനേഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. ‘വാക്ക് ഇൻ’ എന്ന പേരിൽ ഇത് നടപ്പാക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.