പത്തനാപുരം
സ്വകാര്യ ആശുപത്രിക്കെട്ടിടത്തിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കോവിഡ് സ്റ്റെപ്പ് ഡൗൺ സിഎഫ്എൽടിസിയായ ഇവിടുത്തെ താൽക്കാലിക നൈറ്റ് വാച്ച്മാൻ പട്ടാഴി വടക്കേക്കര ചെളിക്കുഴി ആശ്രയയിൽ മുരുകാനന്ദൻ (53), ഓട്ടോ ഡ്രൈവർ കടുവാത്തോട് പാറവിള പുത്തൻവീട്ടിൽ പ്രസാദ് (50) എന്നിവരാണ് മരിച്ചത്. ചെളിക്കുഴിയിൽ രാജേന്ദ്ര വിലാസത്തിൽ മരപ്പണിക്കാരനായ രാജീവ് (48), കടുവാത്തോട് സ്വദേശി ഗോപി (60) എന്നിവരാണ് ആശുപത്രിയിലുള്ളത്. രാജീവിന്റെ കാഴ്ചയെ സാരമായി ബാധിച്ചിട്ടുണ്ട്.
പത്തനാപുരം ജനതാ ജങ്ഷനിലെ സ്വകാര്യ ആശുപത്രി നാലുവർഷത്തോളമായി പ്രവർത്തനമില്ലായിരുന്നു. അടുത്ത കാലത്താണ് കോവിഡ് ചികിത്സയ്ക്ക് ഇവിടെ സൗകര്യം ഒരുക്കിയത്. കെട്ടിടത്തിലെ ഗോഡൗണിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് തിങ്കളാഴ്ച രാവിലെ ഡ്യൂട്ടികഴിഞ്ഞു മടങ്ങുമ്പോൾ മുരുകാനന്ദൻ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് സുഹൃത്തും സമീപവാസിയുമായ രാജീവിനെ ഇക്കാര്യം അറിയിച്ചു. രാജീവിന്റെ വീട്ടിൽ സുഹൃത്തുക്കളായ പ്രസാദ്, ഗോപി, രാജീവ് എന്നിവർക്കൊപ്പം സ്പിരിറ്റിൽ വെള്ളം ചേർത്ത് കഴിച്ചു. വെള്ളം ചേർത്ത ബാക്കി സ്പിരിറ്റുമായി വീട്ടിൽ വന്ന മുരുകാനന്ദൻ അന്നുരാത്രി ഡ്യൂട്ടിക്കിടയിലും കഴിച്ചു. ചൊവ്വാഴ്ച രാവിലെയോടെ പ്രസാദിനും മുരുകാനന്ദനും ശാരീരിക അസ്വസ്ഥത ഉണ്ടായി. മുരുകാനന്ദൻ ചെളിക്കുഴിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വീട്ടിലേക്കുപോയി. ചൊവ്വാഴ്ച രാത്രിയോടെ കാഴ്ച നഷ്ടപ്പെടുന്നതായി തോന്നി. ബുധനാഴ്ച രാവിലെ ആറോടെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സ്പിരിറ്റ് കഴിച്ചത് അറിഞ്ഞത്. ഉടൻ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും എട്ടരയോടെ മരിച്ചു. ശ്രീകുമാരിയാണ് മുരുകാനന്ദന്റെ ഭാര്യ. മക്കൾ: അക്ഷയ്, അതുല്യ.
ചൊവ്വാഴ്ച രാവിലെ മുതൽ അസ്വസ്ഥത കാണിച്ച പ്രസാദ് ഉച്ചയോടെ ഛർദി തുടങ്ങി. വൈകിട്ടോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. കിരൺ ആണ് പ്രസാദിന്റെ ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, ജ്യോതിക. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ അതത് വീട്ടുവളപ്പിൽ സംസ്കരിക്കും.
സംഭവമറിഞ്ഞ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ ആർ രവി, എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി കെ സനു, അസിസ്റ്റന്റ് കമീഷണർ ബി സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പത്തനാപുരം ജനതാ ജങ്ഷനിലെ പഴയ ആശുപത്രിക്കെട്ടിടത്തിലും ചെളിക്കുഴിയിലെ മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും വീടുകളിലും പരിശോധന നടത്തി.
രാജീവിന്റെ വീട്ടിൽനിന്ന് ചാരായം വാറ്റാൻ സൂക്ഷിച്ച കോടയും കുടിച്ച സ്പിരിറ്റിന്റെ ബാക്കിയും കിട്ടി. സ്പിരിറ്റ് പരിശോധനയ്ക്കായി അയച്ചു. എക്സൈസ്, പൊലീസ് സംഘം കടുവാത്തോട്, ചെളിക്കുഴി മേഖലയിൽ പരിശോധന നടത്തി. സർജിക്കൽ സ്പിരിറ്റ് മീഥൈൽ ആൾക്കഹോൾ ആണെന്നതിനാൽ മരണം സംഭവിക്കാമെന്നും എന്നാൽ, മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷമേ കൃത്യമായി മനസ്സിലാകുകയുള്ളൂവെന്നും എക്സൈസ് അസിസ്റ്റന്റ് കമീഷണർ ബി സുരേഷ് പറഞ്ഞു.