റോം
യൂറോ കപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ഇറ്റലി പ്രീ ക്വാർട്ടറിൽ കടന്നു. സ്വിറ്റ്സർലൻഡിനെ മൂന്ന് ഗോളിന് തോൽപ്പിച്ചു. മാനുവൽ ലൊക്കട്ടെല്ലി ഇരട്ട ഗോളുമായി തിളങ്ങി. സിറൊ ഇമ്മൊബീൽ പട്ടിക പൂർത്തിയാക്കി.കളിയുടെ പൂർണ നിയന്ത്രണം ഇറ്റലിക്കായിരുന്നു. തുടക്കത്തിൽ ക്യാപ്റ്റൻ ജോർജിയോ കില്ലിനി പന്ത് വലയിലാക്കിയെങ്കിലും ‘വാർ’ പരിശോധനയിൽ ഹാൻഡ്ബോളെന്ന് തെളിഞ്ഞു. വൈകാതെ ക്യാപ്റ്റൻ പരിക്കേറ്റ് മടങ്ങി.
വിജയത്തിലൂടെ റഷ്യ ജീവൻ നിലനിർത്തി. ഫിൻലൻഡിനെ ഒറ്റഗോളിന് വീഴ്ത്തി. ആദ്യ മത്സരത്തിൽ ബൽജിയത്തോട് തോറ്റ റഷ്യക്ക് ജയം അനിവാര്യമായിരുന്നു. കന്നി യൂറോയ്ക്കെത്തിയ ഫിൻലൻഡിനാകട്ടെ ജയിച്ചാൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാമായിരുന്നു. അലെക്സി മിറാൻചുക്കിന്റെ ഗോളിലാണ് റഷ്യ കടന്നത്. 2012നുശേഷം യൂറോയിൽ റഷ്യയുടെ ആദ്യ ജയമാണിത്. ഇടവേളയ്ക്ക് പിരിയുംമുമ്പായിരുന്നു റഷ്യ ആശിച്ച നിമിഷം പിറന്നത്. ബോക്സിൽ നാല് പ്രതിരോധക്കാർക്കിടയിലൂടെ മിറാൻചുക്ക് ഇടംകാൽകൊണ്ട് ഗോളിലേക്ക് പന്തയച്ചു.
മറ്റൊരു മത്സരത്തിൽ വെയ്ൽസ് തുർക്കിയെ രണ്ട് ഗോളിന് വീഴ്ത്തി. ആരോൺ റാംസിയും കൊണോർ റോബർട്ട്സും ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ഗാരെത് ബെയ്ൽ വെയ്ൽസിനായി പെനൽറ്റി പാഴാക്കി. ജയത്തോടെ വെയ്ൽസ് പ്രീ ക്വാർട്ടർ സാധ്യത നിലനിർത്തി. കളിച്ച രണ്ടിലും തോറ്റ തുർക്കിക്ക് പ്രതീക്ഷകൾ മങ്ങി.