കൊല്ലം
മത്സ്യബന്ധനത്തിന് ഇനി സൗരോർജ ബോട്ടും. കൊച്ചി കേന്ദ്രമായ നവാൾട്ട് സ്റ്റാർട്ടപ് കമ്പനിയുടെ സംരംഭമായ 5 സൗരോർജ ബോട്ട് രണ്ടു മാസത്തിനുള്ളിൽ നീറ്റിലിറങ്ങും. തികച്ചും പരിസ്ഥിതി സൗഹൃദമായ സൗരോർജ ബോട്ട് പരീക്ഷണാടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകും. അവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ കൂടുതൽ നിർമിക്കുകയാണ് ലക്ഷ്യമെന്ന് നവാൾട്ട് സിഇഒ സന്ദിത് തണ്ടാശേരി പറഞ്ഞു. ബ്രിട്ടനിലെ ഷെൽ ഫൗണ്ടേഷനുമായി സഹകരിച്ചാണ് നിർമാണം.
രാജ്യത്തെ ആദ്യത്തെ സോളാർ ഫെറിയായ വൈക്കത്തുനിന്ന് ആലപ്പുഴയിലെ തവണക്കടവിലേക്കുള്ള ‘ആദിത്യ’ ബോട്ടിന്റെ നിർമാതാക്കളാണ് പുതിയ സംരംഭത്തിനു പിന്നിലും.
ഒമ്പതു മുതൽ 10 മീറ്റർ നീളമുള്ള ഒബിഎം മോഡൽ ബോട്ടാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. നിലവിൽ മൂന്ന് മോണോഹൾ ബോട്ടിലും രണ്ട് കട്ടമരത്തിലുമാണ് സൗരോർജ സംവിധാനം ഒരുക്കുന്നത്. ഇരു യാനങ്ങൾക്കും 200 കിലോ ഭാരം വഹിക്കാനാകും. 11 മീറ്റർ നീളവും 1.75മീറ്റര് വീതിയുമുള്ള മോണോഹൾ ബോട്ടിന് ആറു മുതൽ എട്ട് നോട്ടുവരെയാണ് വേഗത. കട്ടമരത്തിന് 10 മീറ്റർ നീളവും 3.6 മീറ്റർ വീതിയുമുണ്ടാകും.
പത്തു ലക്ഷം രൂപയാണ് ഒരു ബോട്ടിന്റെ വില. എന്നാൽ, ആവശ്യക്കാർ ഏറിയാൽ അഞ്ചു ലക്ഷത്തിനും നൽകാനാകുമെന്ന് നിർമാതാക്കൾ പറഞ്ഞു. സോളാർ പാനൽ, ലിഥിയം ബാറ്ററി, മോട്ടോർ എന്നിവ അടങ്ങിയ ബോട്ടിൽ ബാറ്ററി ചാർജിങ്, പ്ലഗ് ആന്ഡ് ചാർജ് എന്നീ സൗകര്യമുണ്ട്. സാധാരണ ബോട്ടുകളെ അപേക്ഷിച്ച് ശബ്ദരഹിതമായതിനാൽ മത്സ്യക്കൂട്ടങ്ങളെ ആകർഷിക്കാനാകും. മത്സ്യത്തൊഴിലാളികൾ ഇന്ധനത്തിനായി വർഷം 1.60ലക്ഷം രൂപ വരെ ചെലവാക്കുന്നെന്നാണ് കണക്ക്. സൗരോർജത്തിലേക്ക് മാറുന്നതോടെ ചെലവ് 20,000 രൂപയായി ചുരുങ്ങും.