മ്യൂണിക്
യൂറോ മത്സരത്തിനിടെ ജർമൻ പ്രതിരോധക്കാരൻ അന്റോണിയോ റൂഡിഗർ പുറത്ത് കടിച്ചതായി ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ. ആദ്യ പകുതിയിലായിരുന്നു സംഭവം. റഫറിയോട് പോഗ്ബ ഇക്കാര്യം പറയുകയും ചെയ്തു. എന്നാൽ മത്സരശേഷം പോഗ്ബയും റൂഡിഗറും പരസ്പരം പുറത്തുതട്ടി ചിരിച്ചു പിരിയുകയാണ് ചെയ്തത്.
‘റൂഡിഗർ ചെറുതായി കടിച്ചതുപോലെ എനിക്ക് തോന്നി. പക്ഷേ, പരാതിയില്ല. ഏറെക്കാലമായി ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ഇതിന്റെപേരിൽ റൂഡിഗറെ വിലക്കരുത്. മത്സരശേഷം ഞങ്ങൾ പുണർന്നാണ് പിരിഞ്ഞത്’–- പോഗ്ബ പറഞ്ഞു.സംഭവത്തിൽ റൂഡിഗറിനെതിരെ അന്വേഷണം നടത്തില്ലെന്ന് യുവേഫ വ്യക്തമാക്കി. നടപടിയുമുണ്ടാകില്ല.
കടിച്ചില്ലെന്നായിരുന്നു റൂഡിഗറുടെ പ്രതികരണം.
2014 ലോകകപ്പിനിടെ ഇറ്റാലിയൻ താരം ജോർജിനോ കില്ലെനിയെ കടിച്ചതിന് ഉറുഗ്വേയുടെ ലൂയിസ് സുവാരസിന് വിലക്ക് കിട്ടിയിരുന്നു. അതിനിടെ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ പോഗ്ബ മേശപ്പുറത്തുവച്ചിരുന്ന ബിയർ കുപ്പി എടുത്തൊഴിവാക്കി. തുടർന്നാണ് സംസാരിച്ചത്. കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോ കൊക്കകോള കമ്പനിയുടെ കുപ്പികൾ എടുത്തുമാറ്റിയത് പ്രാധാന്യം നേടിയിരുന്നു.