രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഇനിയുമുപയോഗിക്കുമെന്ന ഭീഷണിയാണ് എ എൻ രാധാകൃഷ്ണന്റെ വാക്കുകളിലുള്ളത്. മുപ്പത്തഞ്ച് സീറ്റുകിട്ടിയാൽ മന്ത്രിസഭയുണ്ടാക്കുമെന്ന് പറഞ്ഞ ബിജെപിക്ക് ആകെയുണ്ടായിരുന്ന ഒരുസീറ്റ് നഷ്ടപ്പെട്ടു, വോട്ടുശതമാനവും കുറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ തെരഞ്ഞെടുപ്പ് അഴിമതിയുടെയും പണം തിരിമറികളുടെയുംപേരിൽ ആരോപണ നിഴലിലായി. ഈ അവസ്ഥ യിൽനിന്ന് കരകയറാൻ ബിജെപി ചെയ്യേണ്ടത് ജനങ്ങൾക്ക് ബോധ്യമാകുന്ന രീതിയിൽ നയപരിപാടികളും പ്രവർത്തനങ്ങളും പുനരാലോചിച്ച്, മാറ്റം വരുത്തുകയാണ്. എന്നാൽ, വർഗീയതയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർടിക്ക് അതാലോചിക്കാൻപോലും വയ്യ. അതുകൊണ്ട് അണികളെയും നേതൃത്വത്തെയും പിടിച്ചുനിർത്താനുള്ള അറ്റകൈ പ്രയോഗങ്ങളാണ് നേതാക്കന്മാർ നടത്തുന്നത്. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ നേർക്കുള്ള ഭീഷണി.
വർഗീയതയോട് മാത്രമല്ല, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ബിജെപി നയത്തോടുള്ള എതിർപ്പുകൂടിയാണ് കേരള ജനത പ്രകടിപ്പിച്ചത്. ആ ഏജൻസികളെ ഇനിയും ഉപയോഗിക്കും എന്ന ഭീഷണി കേരള ജനതയോടും നിയമവാഴ്ചയോടും ജനാധിപത്യ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്. നിയമം ദുരുപയോഗപ്പെടുത്തിയും ദുർവ്യാഖ്യാനം ചെയ്തും കേന്ദ്ര ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ യഥാർഥ ലക്ഷ്യം എന്താണെന്ന് തുറന്നുകാട്ടുന്നതാണ് രാധാകൃഷ്ണന്റെ പ്രസ്താവന. കേരളത്തെ ലക്ഷ്യമാക്കിയുള്ള ഈ നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും എതിർക്കേണ്ടതുണ്ട്.