എ എൻ രാധാകൃഷ്ണന്റേത് വിമർശമല്ല; ഭീഷണിയാണ്. പറഞ്ഞത് രാധാകൃഷ്ണനെന്ന വ്യക്തിയാണെങ്കിൽ സ്വാഭാവിക ജൽപ്പനമായി തള്ളാമായിരുന്നു. പക്ഷേ, അദ്ദേഹം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായതിനാൽ വാക്കുകളിൽ പ്രശ്നങ്ങളുണ്ട്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ വിമർശിക്കുന്നത് രാജ്യദ്രോഹമാക്കുന്ന രാജ്യത്ത്, സംസ്ഥാന മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നത് ലഘുവൈകൃതം മാത്രമായി കാണാനാകില്ല. മുഖ്യമന്ത്രിയെ വീട്ടിൽ ഉറങ്ങാൻ അനുവദിക്കില്ലെന്നും മക്കളെ ജയിലിലാക്കുമെന്നും പറയുന്നത് കേന്ദ്രഭരണത്തിന്റെ പിൻബലംമൂലമുണ്ടാകുന്ന വിഭ്രാന്തിയുടെ ഫലമാണ്.
മരണംവരെ വീട്ടിൽ സ്വസ്ഥമായി ഉറങ്ങാമെന്ന ഉറപ്പ് ആർക്കുമില്ല. കമ്യൂണിസ്റ്റുകാരന് അങ്ങനെയൊരു ഉറപ്പ് ഒട്ടുമുണ്ടാകില്ല.
മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയെക്കുറിച്ചാണ് പറഞ്ഞതെങ്കിൽ അത് സ്ഥിരവാസത്തിനുള്ള ഇടമല്ലെന്ന് ആർക്കാണറിയാത്തത്? പക്ഷേ, അവിടെനിന്ന് അദ്ദേഹത്തെ ഇറക്കാനുള്ള പ്രാപ്തി രാധാകൃഷ്ണനില്ല. മക്കളെ കാണാൻ ജയിലിൽ എത്തേണ്ടിവരുമെന്നതിന്റെ അർഥം ദുരൂഹമാണ്. നിയമസഭാ സന്ദർശക ഗ്യാലറിയിൽ കയറാൻ അപേക്ഷയിൽ ഒപ്പിട്ടുകൊടുക്കാൻപോലും എംഎൽഎ ഇല്ലാത്ത പാർടിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ് മൂടുകുലുക്കി ഭൂകമ്പമുണ്ടാക്കാൻ നോക്കുന്നത്. കേന്ദ്രം തുണയ്ക്കെത്തുമെന്ന ധാരണയിൽ എന്തും പുലമ്പാമെന്നു കരുതിയാൽ രാധാകൃഷ്ണനെ കാണാൻ ചെല്ലേണ്ട ഇടം ഏതെന്ന് മുൻകൂട്ടി പറയേണ്ട കാര്യമില്ല.