ജനീവ
മാസങ്ങൾ നീണ്ട ആരോപണ–- പ്രത്യാരോപണങ്ങൾക്കൊടുവിൽ അൽഭുതങ്ങളില്ലാതെ ജോ ബൈഡൻ–- വ്ലാഡിമിർ പുടിൻ കൂടിക്കാഴ്ച . ജനീവയിലെ ഏറ്റവും വലിയ ഉദ്യാനത്തിൽ, കായലോരത്തുള്ള സ്വിസ് വില്ലയിലായിരുന്നു നാലുമണിക്കൂർ നീണ്ട കൂടിക്കാഴ്ച. ആദ്യ ഘട്ട ചർച്ചയിൽ പ്രസിഡന്റുമാർക്കൊപ്പം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, റഷ്യൻ വിദേശ മന്ത്രി സേർജി ലാവ്റോവ് എന്നിവരും രണ്ട് പരിഭാഷകരുമാണ് ഉണ്ടായിരുന്നത്. രണ്ടാം ഘട്ടത്തിൽ ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായ ചർച്ച ഒരു മണിക്കൂർ അഞ്ച് മിനുട്ട് നീണ്ടു.
ചർച്ചയ്ക്ക് മുന്നോടിയായി ഇരു നേതാക്കളും സ്വിസ് പ്രസിഡന്റ് ഗൈ പർമെലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചില്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും പ്രത്യേക വാർത്താസമ്മേളനങ്ങൾ നടത്തി. ആണവ വ്യാപനം നിയന്ത്രിക്കുന്നതിന് ചർച്ച നടത്താൻ ഇരുരാജ്യവും കരാറിലെത്തിയെന്ന് പുടിൻ പറഞ്ഞു. സൈബർ ആക്രമണങ്ങളുടെ പേരിൽ മാസങ്ങളോളം റഷ്യക്കെതിരെ ബൈഡൻ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച ജനീവയിൽ എത്തുന്നതിന് തൊട്ടുമുമ്പുവരെ ജി 7, നാറ്റോ ഉച്ചകോടികളിൽ റഷ്യക്കെതിരെ സഖ്യരാഷ്ട്രങ്ങളെ അണിനിരത്താൻ ആവോളം ശ്രമിച്ചു. ‘യോഗ്യനായ പ്രതിയോഗി’ എന്നാണ് പുടിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
ചർച്ച ‘ഗുണകരമായിരിക്കു’മെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ പുടിൻ, വൻ സംഭവങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കൂടിക്കാഴ്ചയ്ക്ക് മുമ്പ് പറഞ്ഞിരുന്നു. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം ജനീവയിൽ എത്തിയത്.അതേസമയം, ഇരു രാജ്യങ്ങളോടും ആണവായുധ ശേഖരം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്വിസ് ആണവ വിരുദ്ധ സംഘടന ‘കാംപാക്സ്’ പ്രവർത്തകർ കായലിൽ ബാനർ വിരിച്ചു. ലോകത്തെ ആണവായുധശേഖരത്തിന്റെ 90 ശതമാനവും അമേരിക്കയുടെയും റഷ്യയുടെയും പക്കലാണ്.