തിരുവനന്തപുരം: പാർട്ടിക്കെതിരേ പരസ്യ വിമർശനവുമായി രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ ശത്രു കോൺഗ്രസ് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരേ ബിജെപി ബന്ധം ആരോപിച്ചപ്പോൾ ആരും കൂടെയുണ്ടായിട്ടില്ലെന്ന് പറഞ്ഞ ചെന്നിത്തല സുധാകരനെതിരേ ഇതേ ആരോപണം വന്നപ്പോൾ താൻ പ്രതികരിച്ചുവെന്നും, അതായിരിക്കണം കോൺഗ്രസുകാരുടെ വികാരമെന്നും വ്യക്തമാക്കി. ഇന്ദിരാ ഭവനിൽ കെ.സുധാകരൻ കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എനിക്കെതിരേ ആരോപണം വന്നപ്പോൾ പാർട്ടിയിൽ ആരും പ്രതികരിക്കാതിരുന്ന വേദന മനസിലാക്കിയതാണ്. ഓർമ്മവെച്ച നാൾമുതൽ കോൺഗ്രസുകാരനായി വളർന്നുവന്ന ഞാൻ ബിജെപിക്കാരനാണെന്ന് പറഞ്ഞപ്പോൾ പല സ്നേഹിതൻമാരും അതിനോടൊപ്പം ചേർന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ഈ മനോവികാരത്തിലാണ് സുധാകരനെ അനുകൂലിച്ച് പോസ്റ്റിട്ടത്. ഇതായിരിക്കണം നമ്മുടെ വികാരം. കോൺഗ്രസിന്റെ ശത്രു കോൺഗ്രസ് തന്നെയാണ്. ചെന്നിത്തല പറഞ്ഞു.
ചിരിക്കുന്നവരെല്ലാം നമ്മുടെ സ്നേഹിതൻമാരാണെന്ന് കരുതരുത്. മുമ്പിൽ വന്ന് പുകഴ്ത്തുന്നവരൊന്നും നമുക്കൊപ്പം ഉണ്ടാകില്ലെന്ന അനുഭവ പാഠമാണ് തനിക്കുള്ളത്. ഇത് സുധാകരന് പാഠമാകണം.
ഇടതുപക്ഷത്തിന് കോവിഡ് മഹാമാരി നൽകിയ സംഭവനയാണ് തുടർഭരണം. കഴിഞ്ഞ രണ്ട് വർഷം കോവിഡ് സാഹചര്യം ഇല്ലായിരുന്നെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നു. ഇടത് സർക്കാരിന്റെ അഴിമതി കഥകൾ ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ചെന്നിത്തല പിണറായി വിജയനും കാനം രാജേന്ദ്രനും അറിയാതെ വനം കൊള്ള നടക്കില്ലെന്നും കൂട്ടിച്ചേർത്തു.
Content Highlights:ramesh chennithala criticises congress