തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. മദ്യം ബുക്ക് ചെയ്യാൻ ബെവ്ക്യൂ ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് അഭിപ്രായ വ്യത്യാസം. ഇക്കാര്യം ചർച്ച ചെയ്യാൻ എക്സൈസ്-ബെവ്കോ പ്രതിനിധികൾ ബുധനാഴ്ച എക്സൈസ് മന്ത്രി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തും.
അൺലോക്ക് ഇളവുകളുടെ ഭാഗമായി വ്യാഴാഴ്ച മുതൽ മദ്യശാലകൾ തുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഇക്കാര്യം എങ്ങനെ വേണമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ മൊബൈൽ ആപ്പ് ഏർപ്പെടുത്തണോ അതോ പോലീസിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിച്ചാൽ മതിയോ എന്ന കാര്യത്തിലാണ് അവ്യക്തത തുടരുന്നത്.
മൊബൈൽ ആപ്പായി നേരത്തെ ഉപയോഗിച്ച ബെവ്ക്യൂ ആപ്പ് തന്നെ ഉപയോഗിക്കാനാണ് സാധ്യത. പുതിയ ആപ്പ് രൂപീകരിച്ച് കൊണ്ടുവരാൻ കാലതാമസമെടുക്കും. തിരക്ക് നിയന്ത്രിക്കാൻ നേരത്തെയുണ്ടായ പിഴവുകൾ പരിഹരിച്ച ബെവ്ക്യൂ ആപ്പ് വീണ്ടും നടപ്പാക്കാമെന്നാണ് ബെവ്കോയുടെ നിലപാട്. എന്നാൽ കഴിഞ്ഞ തവണ അപാകതയുണ്ടായ ആപ്പ് വേണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ അഭിപ്രായം.
ആവശ്യത്തിന് ഷോപ്പുകൾ തുറക്കുന്നത് കൊണ്ട് തിരക്കുണ്ടാകില്ലെന്നും പോലീസിനെ ഉപയോഗിച്ച് തന്നെ നിയന്ത്രിക്കാമെന്നുമാണ് എക്സൈസിന്റെ നിലപാട്. അഭിപ്രായ വ്യത്യാസമുള്ള സാഹചര്യത്തിൽ ബുധനാഴ്ച എക്സൈസ് മന്ത്രിയുമായുള്ള ഉദ്യോഗസ്ഥ ചർച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാവുകയുള്ളു.
content highlights:uncertainty remains over beverages outlets opening