ന്യൂഡൽഹി> പ്രതിഷേധങ്ങളെ ഭീകരപ്രവർത്തനമായി ചിത്രീകരിക്കരുതെന്ന് ഡൽഹിഹൈക്കോടതി. ‘വിയോജിപ്പുകളും വിമർശനങ്ങളും അടിച്ചമർത്താനുള്ള ഉത്സാഹത്തിൽ പ്രതിഷേധങ്ങളും ഭീകരപ്രവർത്തനങ്ങളും തമ്മിലുള്ള വലിയ വ്യത്യാസങ്ങൾ കാണാതിരിക്കരുത്. പ്രതിഷേധങ്ങളെ ഭീകരപ്രവർത്തനമായി ചിത്രീകരിക്കുന്ന മനോഭാവം ശക്തിപ്പെടുന്നത് ജനാധിപത്യത്തിന് ഒട്ടും ഗുണകരമല്ല’ –- ഹൈക്കോടതി കേന്ദ്രസർക്കാരിനും ഡൽഹിപൊലീസിനും താക്കീത് നൽകി.
ഡൽഹികലാപകേസിൽ അറസ്റ്റിലായ ‘പിഞ്ജരാ തോഡ്’ പ്രവർത്തകരായ നതാഷാ നർവാൾ, ദേവാംഗനാ കലിത, ജാമിയാവിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹാ എന്നിവർക്ക് ജാമ്യം അനുവദിച്ചാണ് ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, അനൂപ് ജെ ഭംഭാനി എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധേയ നിരീക്ഷണം.
2020 ഫെബ്രുവരിയിൽ നടന്ന വടക്കുകിഴക്കൻ ഡൽഹിയിലെ കലാപങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയിൽ നതാഷാനർവാളിനും ദേവാംഗനാകലിത, ആസിഫ് ഇഖ്ബാൽ തൻഹയ്ക്കും പങ്കുണ്ടെന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം. പൗരത്വഭേദഗതിനിയമത്തിന് എതിരെ ഇവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധങ്ങൾ കലാപം ലക്ഷ്യമിട്ടുള്ള തായിരുന്നെന്നും പൊലീസ് ആരോപിച്ചു.
എന്നാൽ, കുറ്റപത്രം വിശദമായി പരിശോധിച്ച ഹൈക്കോടതി മൂവർക്കും എതിരെ യുഎപിഎ നിയമത്തിലെ 15,17,18 വകുപ്പുകൾ ചുമത്തിയത് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചു.
‘യുഎപിഎ ദുരുപയോഗം
വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും ’
യുഎപിഎ രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന ഗുരുതര കുറ്റകൃത്യങ്ങൾക്ക് എതിരെ ചുമത്താനുള്ളതാണെന്നും അതിന്റെ ദുരുപയോഗം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. ‘രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളെ പ്രതിരോധിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പാർലമെന്റ് യുഎപിഎ പാസാക്കിയത്. ആ നിയമം ദുരുപയോഗിക്കുന്നത് പാർലമെന്റിന്റെ ഉദ്ദേശത്തെ അട്ടിമറിക്കുന്നതിന് തുല്യമാണ്.
ഗൗരവമേറിയ ശിക്ഷാവ്യവസ്ഥകൾ തോന്നിയത് പോലെ ചുമത്തിയാൽ അതിന്റെ പ്രസക്തിപോലും നഷ്ടപ്പെടും. കുറ്റാരോപിതർ യുഎപിഎ പ്രകാരമുള്ള ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടു, പണം സ്വരൂപിച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ല’–- ഹൈക്കോടതി നിരീക്ഷിച്ചു. നതാഷയും ദേവാംഗനയും ജെഎൻയുവിൽ ഗവേഷണവിദ്യാർഥികളാണ്. ആസിഫ് ഇഖ്ബാൽ തൻഹ ജാമിയയിൽ ബിഎ പേർഷ്യൻ (ഹോണേഴ്സ്) വിദ്യാർഥിയാണ്. 2020 മെയ്മാസത്തിലാണ് മൂവരും അറസ്റ്റിലായത്.