കോപ്പൻഹേഗൻ > ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്ന് ക്രിസ്റ്റ്യൻ എറിക്സൺ. ‘എല്ലാം ശരിയായ രീതിയിലാണ് നടക്കുന്നത്. സുഖമായിരിക്കുന്നു. എനിക്കുവേണ്ടി പ്രാർഥിച്ച, പിന്തുണച്ച എല്ലാവർക്കും നന്ദി. ഡെൻമാർക്കിന്റെ അടുത്ത കളിക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ്. കൂട്ടുകാരേ, രാജ്യത്തിലെ എല്ലാവർക്കുമായി കളിക്കൂ’–-ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എറിക്സൺ അറിയിച്ചു.
ആശുപത്രി കിടക്കയിൽനിന്നുള്ള ചിത്രവും ഡെൻമാർക്ക് മധ്യനിരക്കാരൻ പുറത്തുവിട്ടു. ഫിൻലൻഡിനെതിരായ മത്സരത്തിനിടെയാണ് എറിക്സൺ ഹൃദയാഘാതത്തെ തുടർന്ന് മൈതാനത്ത് കുഴഞ്ഞുവീണത്. കോപ്പൻഹേഗനിലെ ആശുപത്രിയിൽ എത്തിയശേഷം ആദ്യമായാണ് ഇരുപത്തൊമ്പതുകാരൻ പരസ്യമായി പ്രതികരിക്കുന്നത്.