സൃഷ്ടിപരമായ താത്പര്യങ്ങളാണ് ഈ വിഭാഗം കൊണ്ട് അർത്ഥമാക്കുന്നത് എങ്കിലും പലപ്പോഴും രസകരമായ ഉത്തരങ്ങളാണ് പലരും കുറിക്കാറുള്ളത്. ഉദാഹരത്തിന് നമ്മളിൽ പലരും എഴുതിവയ്ക്കാറുള്ള ഒന്നാണ് ‘പാട്ട് കേൾക്കുക’,’ ഇന്റർനെറ്റിൽ എന്തെങ്കിലും തിരയുക’ തുടങ്ങിയവ. അടുത്തിടെ പത്രപ്രവത്തകനായ ശിവ് അരൂർ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു. ദയവ് ചെയ്ത് പാട്ട് കേൾക്കുക എന്നുള്ളത് നിങ്ങളുടെ ബയോഡാറ്റയിൽ ഹോബിയായി എഴുതരുത് എന്നാണ് അരൂരിന്റെ ട്വീറ്റ്. അതെ ത്രെഡിൽ ‘ഇന്റർനെറ്റിൽ എന്തെങ്കിലും തിരയുക’ എന്നും എഴുതരുത് എന്ന് ശിവ് അരൂർ പറഞ്ഞിട്ടുണ്ട്.
ഒരു വിവരം ഉദ്യോഗാർത്ഥികൾക്ക് നൽകുക എന്നതായിരുന്നു ട്വീറ്റിന്റെ ഉദ്ദേശം എങ്കിലും അരൂരിന്റെ ട്വീറ്റിന് മറുപടിയായി പലരും തങ്ങളുടെ ബയോഡാറ്റയിൽ എഴുതിയിരിക്കുന്ന രസകരമായ കാര്യങ്ങളാണ് കുറിച്ചത്. ‘പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് കാണുക’ എന്ന ഹോബിയുമായി ഒരു ബയോഡാറ്റ തനിക്ക് കിട്ടി എന്നാണ് വേണു ഗോപാൽ എന്ന് പേരുള്ള യുവാവ് കുറിച്ചിരിക്കുന്നത്. ഏറ്റവും രസകരമായ കാര്യം ഈ ബയോഡാറ്റ അയച്ച വ്യക്തിയുടെ പേര് ഭക്ത് വത്സൽ എന്നാണ്. ഹോബിയായി ചിരിക്കുക, ദൂരെ യാത്ര പോകുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് താൻ കുറിച്ചത് എന്നാണ് നിസ്തുല ഹെബ്ബാറിന്റെ കമന്റ്. സ്റ്റാമ്പ് കളക്ഷൻ, ട്രോളുകൾ ഉണ്ടാക്കുക, എന്നിങ്ങനെയുള്ള ഹോബികളും തങ്ങൾ ബയോഡാറ്റയിൽ കുറിച്ചതായി ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
അതെ സമയം ഹോബി എന്നാൽ ഒഴിവുസമയത്ത് നിങ്ങൾ എന്ത് ചെയ്യുന്നു എന്നുള്ളതാണ് എന്നും അതുകൊണ്ട് തന്നെ പാട്ട് കേൾക്കുക, ഇന്റർനെറ്റ് സെർച്ചിങ് എന്നിവയൊക്കെ എഴുതുന്നതിൽ തെറ്റില്ല എന്നാണ് അമോഘ് രവി എന്ന ട്വിറ്റർ ഉപഭോക്‌താവിന്റെ കമന്റ്. ഇന്റർവ്യൂ ചെയ്യുന്നവർ 5 വർഷം കഴിഞ്ഞ് നിങ്ങൾ നിങ്ങളെത്തന്നെ എവിടെ കാണുന്നു എന്ന ചോദ്യവും ഒഴിവാക്കണം എന്നാണ് ബെല്ല സിയാവോ എന്ന് പേരുള്ള ട്വിറ്റെർ ഉപഭോക്താവിന്റെ കമന്റ്.