കൊച്ചി: രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽഐഷ സുൽത്താന സമർപ്പിച്ചമുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി. 20ാം തീയതി ലക്ഷദ്വീപ് പോലീസ് വിളിപ്പിച്ച സാഹചര്യത്തിൽ വ്യാഴാഴ്ച കേസ് പരിഗണിക്കണമെന്ന ഐഷ സുൽത്താനയുടെ ആവശ്യവും കോടതി അംഗീകരിച്ചു.
ബയോവെപ്പൺ പരാമർശം സംബന്ധിച്ച പരാതിയിൽ ലക്ഷദ്വീപിലെ കവരത്തി പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതിന് എതിരെയാണ് സംവിധായിക ഐഷ സുൽത്താന മുതിർന്ന അഭിഭാഷക പി വിജയഭാനു മുഖേന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസ് പരിഗണിച്ച കോടതി വിഷയത്തിൽ കേന്ദ്രസർക്കാരിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും നിലപാട് തേടി. കേസിൽ ഞായറാഴ്ചഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ഐഷ സുൽത്താന പറഞ്ഞു. അടിയന്തര സാഹചര്യം പരിഗണിച്ച് കേസ് വ്യാഴാഴ്ച പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസിൽ രേഖാമൂലം അടുത്ത ദിവസം തന്നെ മറുപടി നൽകാമെന്ന് കേന്ദ്രവും ലക്ഷദ്വീപ് അഡ്മിനിട്രേഷനും അറിയിച്ചതോടെ ഐഷയുടെ ആവശ്യം കൂടി പരിഗണിച്ച് വ്യാഴാഴ്ചത്തേക്ക് കേസ് മാറ്റി. അഡ്മിനിട്രേറ്ററുടെ വിവാദ നടപടികളെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഇത് എങ്ങനെയാണ് കുറ്റകരമാവുക. പോലീസ് കേസ് സുപ്രീം കോടതിയുടെ മുൻ ഉത്തരവ് പ്രകാരം കോടതിയലക്ഷ്യമാണ് എന്നിവയാണ് വിഷയത്തിൽ ഐഷ സുൽത്താനയുടെ നിലപാട്.
കേന്ദ്രസർക്കാരിന്റെ നിലപാടും മറ്റും കേട്ട ശേഷം ഹൈക്കോടതി കേസിലെടുക്കുന്ന നിലപാടും മറ്റും സുപ്രധാനമാകും. കേസിൽ കക്ഷിചേരണമെന്നാവശ്യപ്പെട്ട് ഹിന്ദുസംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥൻ ഹൈക്കോടതിയിലെത്തി. ഇക്കാര്യത്തിലും കോടതി വ്യാഴാഴ്ച തീരുമാനം എടുക്കും.
അതിനിടെ അഡ്മിനിസ്ട്രേറ്റർക്കെതിരെയുള്ള പ്രതിക്ഷേധവുമായി ബന്ധപ്പെട്ട് സേവ് ലക്ഷദ്വീപ് ഫോറം യോഗം ചേർന്നു. ഫോറത്തിൽ നിന്ന് ബിജെപിയെ ഒഴിവാക്കാൻ തീരുമാനിച്ചു. ഐഷ സുൽത്താനയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് നടപടി. സമരം കൂടുതൽ ശക്തമാക്കുമെന്നും ഐഷ സുൽത്താനയ്ക്ക് പൂർണ പിന്തുണ നൽകുമെന്നും സേവ് ലക്ഷദ്വീപ് ഫോറം വ്യക്തമാക്കി.
Content Highlight: HC seeks govt explanation on sedition charges against Aisha Sultana