കണ്ണൂർ
കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും ഒറ്റുകാരെന്ന് എ ഗ്രൂപ്പ്. ഇവരെ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും സഹകരിപ്പിക്കരുതെന്ന് ഗ്രൂപ്പ് മാനേജർ കെ സി ജോസഫ് ജില്ലകളിലെ ഗ്രൂപ്പ് ചുമതലക്കാർക്ക് നിർദേശം നൽകി. ഉമ്മൻചാണ്ടിയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണിത്.
എ ഗ്രൂപ്പിന്റെ കുത്തക സീറ്റായിരുന്ന ഇരിക്കൂർ കെ സി വേണുഗോപാലിന്റെ നോമിനിക്ക് നൽകാമെന്ന് സമ്മതിച്ചാണ് ഉമ്മൻചാണ്ടി കൽപ്പറ്റയിൽ സിദ്ദിഖിന് സീറ്റ് നേടിയെടുത്തത്. എന്നാൽ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന എ ഗ്രൂപ്പിന്റെയും ഉമ്മൻചാണ്ടിയുടെയും തീരുമാനം അട്ടിമറിച്ചത് സിദ്ദിഖും ഷാഫി പറമ്പിലുമാണെന്ന് എ ഗ്രൂപ്പ് കരുതുന്നു. കെ സി ജോസഫിനും ബെന്നി ബെഹന്നാനുമാണ് ഗ്രൂപ്പിന്റെ സംസ്ഥാനതല ഏകോപന ചുമതല. ആദ്യഘട്ടത്തിൽ രഹസ്യപ്രവർത്തനം മതിയെന്നാണ് തീരുമാനം. ഐ ഗ്രൂപ്പ് ശിഥിലമായതിനൊപ്പം പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമായതോടെ രമേശ് ചെന്നിത്തലയും എ ഗ്രൂപ്പുമായി കെെകോർത്തിരിക്കുകയാണ്. കോഴിക്കോട്ടും പാലക്കാട്ടുമായിരിക്കും തുടക്കത്തിൽ സമാന്തര പ്രവർത്തനം. കോഴിക്കോട് ജില്ലയിലെ ഏകോപനച്ചുമതല മുൻ ഡിസിസി പ്രസിഡന്റുമാരായ കെ സി അബുവിനും യു രാജീവനുമാണ്. പാലക്കാട് കെപിസിസി ജനറൽ സെക്രട്ടറി കെ എ ചന്ദ്രനും കെപിസിസി സെക്രട്ടറി ബാലഗോപാലിനും.
നേരത്തെ കോഴിക്കോട്ട് സിദ്ദിഖും പാലക്കാട്ട് ഷാഫിയുമാണ് ഗ്രൂപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. ഗ്രൂപ്പ് തീരുമാനം അട്ടിമറിച്ച് സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് നിർദേശിച്ചതിന് പ്രത്യുപകാരമായാണ് സിദ്ദിഖിനെ വർക്കിങ് പ്രസിഡന്റാക്കിയത്. അതും എ ഗ്രൂപ്പിനെയും ഉമ്മൻചാണ്ടിയെയും ഞെട്ടിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ ഷാഫിക്കും കെ സി വേണുഗോപാൽ പുതിയ വാഗ്ദാനം നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ അല്ലെങ്കിൽ പാലക്കാട് ഡിസിസി അധ്യക്ഷൻ. ഷാഫിയും സിദ്ദിഖും കെ സി വേണുഗോപാൽ നേതൃത്വം നൽകുന്ന ഗ്രൂപ്പിന്റെ ഭാഗമായിക്കഴിഞ്ഞു. പൊതുശത്രുക്കളായി മാറിയ എ, ഐ ഗ്രൂപ്പുകളെ ഒതുക്കാൻ തൽക്കാലം വേണുഗോപാലും കെ സുധാകരനും വി ഡി സതീശനും ഒന്നിച്ചെങ്കിലും സമീപ ഭാവിയിൽ മൂന്ന് ഗ്രൂപ്പുകളായി ഇത് മാറുമെന്നും എ ഗ്രൂപ്പും ചെന്നിത്തല ഗ്രൂപ്പും (അവശിഷ്ട ഐ ഗ്രൂപ്പ്) കണക്ക് കൂട്ടുന്നു. അപ്പോഴേക്കും ശക്തി വീണ്ടെടുക്കാമെന്നാണ് ഗ്രൂപ്പ് മാനേജർമാരുടെ പ്രതീക്ഷ.