തിരുവനന്തപുരം
സംസ്ഥാനത്ത് മരണസംഖ്യ കൂടിയത് രോഗികളുടെ വർധനയ്ക്ക് അനുപാതമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരിൽ അധികവും ഗുരുതരരോഗമുള്ളവരാണ്. കേരളത്തിലെ മരണനിരക്കിൽ കാര്യമായ വർധന ഇല്ലാതിരുന്നത് ആരോഗ്യസംവിധാനങ്ങൾ പുലർത്തിയ മികവിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിൽനിന്ന് ലഭിക്കുന്ന മുറയ്ക്ക് വാക്സിനേഷൻ അതിവേഗം പൂർത്തിയാക്കും. എന്നാൽ, എത്ര ശ്രമിച്ചാലും രോഗനിയന്ത്രണത്തിന് മാസങ്ങളും വർഷങ്ങളും എടുക്കാം. അതിവ്യാപനമുള്ള ഡെൽറ്റാ വൈറസിന്റെ സാന്നിധ്യവുമുണ്ട്. ഇതുകൂടി കണക്കിലെടുത്ത് മറ്റൊരു ലോക്ഡൗണിലേക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാൻ എല്ലാവരും ശ്രമിക്കണം– -മുഖ്യമന്ത്രി പറഞ്ഞു.
കോവിഡിതര ചികിത്സയിൽ ആശങ്ക വേണ്ട
കോവിഡിതര രോഗചികിത്സയ്ക്കും പൂർണ ശ്രദ്ധ പുലർത്തുമെന്ന് മുഖ്യമന്ത്രി. കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതനുസരിച്ച് സർക്കാർ ആശുപത്രികളിൽ കൂടുതൽ കോവിഡിതര രോഗികളെ പരിചരിച്ച് തുടങ്ങും.
രോഗസ്ഥിരീകരണനിരക്ക് കുറയുന്നു
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലൊഴികെ ബാക്കിയെല്ലാ ജില്ലയിലും രോഗസ്ഥിരീകരണ നിരക്ക് 15 ശതമാനത്തിൽ താഴെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ പത്ത് ശതമാനത്തിലും താഴെയും എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നു ദിവസത്തെ ശരാശരി രോഗസ്ഥിരീകരണ നിരക്ക് 12.7 ശതമാനമാണ്. കഴിഞ്ഞ ആഴ്ചയിൽ നിരക്കിൽ പത്ത് ശതമാനവും രോഗികളുടെ എണ്ണത്തിൽ 20 ശതമാനവും കുറവുണ്ടായി. സംസ്ഥാനത്ത് 14 തദ്ദേശസ്ഥാപന പരിധിയിൽ 35 ശതമാനത്തിലധികമാണ് രോഗസ്ഥിരീകരണ നിരക്ക്. 10 കി.മീ ചുറ്റളവിൽ വാക്സിനേഷൻ സെന്റർ ഇല്ലാത്തതിനാൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കാത്ത 119 ആദിവാസി കോളനിയിലും ഉടൻ വാക്സിനെത്തിക്കാൻ നിർദേശം നൽകി. നിലവിൽ 362 കോളനിയിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
7719 രോഗികൾ
ഏപ്രിൽ 14ന് ശേഷം ആദ്യമായി സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം എണ്ണായിരത്തിൽ താഴെ. തിങ്കളാഴ്ച കോവിഡ്- സ്ഥിരീകരിച്ചത് 7719 പേർക്ക്. 24 മണിക്കൂറിനിടെ 68,573 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് 11.26 ശതമാനം. രണ്ടുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 16,743 പേർകൂടി രോഗമുക്തരായതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1,13,817 ആയി. 161 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 11,342 ആയി.
വൃദ്ധസദനങ്ങളിൽ 91 ശതമാനം വാക്സിനേഷൻ
സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അന്തേവാസികളിൽ 91 ശതമാനം പേർക്കും ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 14 ശതമാനം പേർക്ക് രണ്ടാം ഡോസും ലഭിച്ചു. ആദിവാസി വിഭാഗത്തിൽ 45 വയസ്സിനു മുകളിലുള്ളവരിൽ 75 ശതമാനം പേർക്ക് വാക്സിൻ നൽകി. 18 മുതൽ 44 വയസ്സുവരെയുള്ളവരിൽ 12 ശതമാനം പേർക്കാണ് വാക്സിൻ ലഭിച്ചത്. ഞായറാഴ്ചവരെ 1,12,12,353 ഡോസ് വാക്സിൻ വിതരണം ചെയ്തു. ആരോഗ്യപ്രവർത്തകരായ 5,24,128 പേർ ആദ്യ ഡോസും 4,06,035 പേർക്ക് രണ്ടാം ഡോസും സ്വീകരിച്ചു. മുന്നണി പ്രവർത്തകരിൽ 5,39,624 പേർ ആദ്യ ഡോസും 4,03,454 പേർ രണ്ടു ഡോസും എടുത്തു.
45 വയസ്സിനു മുകളിലുള്ള 68,14,751 പേർ ആദ്യ ഡോസും 14,27,998 പേർ രണ്ടു ഡോസും 18 മുതൽ 44 വയസ്സു വരെയുള്ള 10,95,405 പേർ ആദ്യ ഡോസും 958 പേർ രണ്ടു ഡോസും സ്വീകരിച്ചു. കേന്ദ്ര സർക്കാരിൽനിന്ന് ലഭിച്ചതിൽ 4.32 ലക്ഷം ഡോസ് വാക്സിനും സംസ്ഥാന സർക്കാർ നേരിട്ട് ശേഖരിച്ചതിൽ 2.08 ലക്ഷം ഡോസ് വാക്സിനുമാണ് ഇപ്പോൾ സ്റ്റോക്കുള്ളത്–- മുഖ്യമന്ത്രി പറഞ്ഞു.