കൊച്ചി
കോവിഡ് കാലത്ത് ജോലിയും കൂലിയും ഇല്ലാതായി വായ്പ തിരിച്ചടവ് മുടങ്ങിയവർക്ക് വായ്പ കാലാവധി നീട്ടി നിയമനടപടി ഒഴിവാക്കാനും സർവീസ് ചാർജ് ഈടാക്കാനും ബാങ്കുകൾ നീക്കം തുടങ്ങി. വായ്പകൾ കിട്ടാക്കടം ആകാതിരിക്കാനും തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള നിയമനടപടികളിൽനിന്ന് സംരക്ഷണം നൽകാനുമാണ് റസൊല്യൂഷൻ ഫ്രയിംവർക്ക് എന്നപേരിൽ വായ്പ പുനഃക്രമീകരണം റിസർവ് ബാങ്ക് അനുവദിച്ചത്. എന്നാൽ ഈ പദ്ധതിയിൽപ്പെടുത്തി വായ്പ കാലാവധി നീട്ടിനൽകണമെങ്കിൽ സർവീസ് ചാർജ് നൽകണമെന്നാണ് ചില ബാങ്കുകളുടെ തീരുമാനം. ഇതനുസരിച്ച് അവർ ഇടപാടുകാരെ വിളിച്ച് സംസാരിച്ചുതുടങ്ങി.
സൗജന്യമായി നൽകേണ്ട ഈ സേവനത്തിന് 1000 രൂപമുതൽ 10,000 രൂപവരെ സർവീസ് ചാർജ് ഈടാക്കിയാണ് ചില ബാങ്കുകൾ അവസരം മുതലാക്കുന്നത്. മറ്റുചില ബാങ്കുകൾ സർവീസ് ചാർജിനുപകരം പലിശ വർധിപ്പിച്ച് ഇടപാടുകാർക്ക് പ്രത്യക്ഷത്തിൽ മനസ്സിലാകാത്തവിധം പതിനായിരക്കണക്കിന് രൂപ ഈടാക്കുന്നതായും പരാതിയുണ്ട്. കോവിഡ് രണ്ടാംതരംഗത്തിൽ ബാങ്കിങ് മേഖല സ്തംഭിക്കുകയും, എടുത്ത വായ്പകൾ തിരിച്ചടക്കാനാകാതെ ഇടപാടുകാർ വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തപ്പോഴാണ് റിസർവ് ബാങ്ക് വായ്പ പുനഃക്രമീകരണം നടത്താൻ അനുവദിച്ചത്. എന്നാൽ നേരത്തേ വായ്പ കാലാവധി നീട്ടാൻ സർവീസ് ചാർജ് ഉൾപ്പെടെ എന്തൊക്കെ നിബന്ധനകൾ നടപ്പാക്കിയിരുന്നോ അതൊക്കെ ഈ സഹായപദ്ധതിക്കും ബാങ്കുകൾ ബാധകമാക്കുകയാണ്.
വറുതിക്കാലത്ത് ബാങ്കുകൾ ഈ ഷൈലോക്കിയൻ നയം നടപ്പാക്കാൻപാടില്ലെന്നും തീർത്തും സൗജന്യമായി ഈ സേവനം ഇടപാടുകാരിൽ എത്തിക്കാൻ ബാങ്കുകൾ തയ്യാറാകണമെന്നും ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ ആവശ്യപ്പെട്ടു. ഇടപാടുകാർക്ക്, സർവീസ് ചാർജ് വഴിയും പലിശ വർധനയിലൂടെയും അമിതഭാരം അടിച്ചേൽപ്പിക്കുന്ന നടപടികളിൽനിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.