തിരുവനന്തപുരം
മുൻഗണനാ കാർഡിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി സംസ്ഥാനത്തിന് അർഹമായ പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു.
കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരുടെ എണ്ണം 1.54 കോടിയായി കേന്ദ്രസർക്കാർ പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ നിരവധിപേർ മുൻഗണനാ പട്ടികയിൽനിന്ന് പുറത്തായി. മുൻഗണനാ വിഭാഗത്തിലുള്ള പിങ്ക് കാർഡുകാരുടെ ദേശീയ ശരാശരി ഗ്രാമപ്രദേശത്ത് 75 ശതമാനവും നഗരപ്രദേശത്ത് അമ്പതും ആയിരിക്കെ കേരളത്തിലിത് യഥാക്രമം 52.63, 39.50 ശതമാനമാണ്. ഇതിൽ വർധന ആവശ്യമാണെന്നും കത്തിൽ ആവശ്യപ്പെട്ടു. അരി വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ‘അന്ന വിക്രാൻ’ പോർട്ടലിൽ രേഖപ്പെടുത്തിയ വ്യത്യാസം കാരണം കേരളത്തിനുള്ള സബ്സിഡിയുടെ 10 ശതമാനം കേന്ദ്രം കുറച്ചിരുന്നു. ഇത് പരിഹരിച്ചതോടെ സബ്സിഡി പുനഃസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തിനുള്ള മണ്ണെണ്ണയുടെ അളവ് വർധിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.