ബുകാറെസ്റ്റ്
നോർത്ത് മാസിഡോണിയ എന്ന കുഞ്ഞുരാജ്യം പിറവിയെടുത്തിട്ട് വർഷം മുപ്പതാകുന്നതേയുള്ളൂ. ഗൊരാൻ പാൻഡേവ് മാസിഡോണിയൻ കുപ്പായമണിഞ്ഞിട്ട് രണ്ടുപതിറ്റാണ്ട്. 17–-ാംവയസ്സിൽ അരങ്ങേറ്റം. 120 കളികൾ, 38 ഗോൾ. നോർത്ത് മാസിഡോണിയയുടെ ഫുട്ബോൾചരിത്രമെന്നാൽ പാൻഡേവിന്റെ കളിജീവിതംകൂടിയാണ്. യൂറോയിൽ ഇത് അരങ്ങേറ്റമായിരുന്നു മാസിഡോണിയക്ക്. പ്ലേ ഓഫിൽ ജോർജിയയെ മറികടന്നത് പാൻഡേവിന്റെ ഗോളിലാണ്. ഓസ്ട്രിയക്കെതിരായ ആദ്യകളിയിൽ 3–-1ന്റെ പരാജയത്തിലും തലയുയർത്തിപ്പിടിച്ചാണ് പാൻഡേവും കൂട്ടരും കളംവിട്ടത്. യൂറോയിലെ ചരിത്രംകുറിച്ച ആദ്യഗോളും മുപ്പത്തേഴുകാരന്റെ ബൂട്ടിൽനിന്നാണ്.
രണ്ടാംഡിവിഷൻ ടീമായ എഫ്കെ ബെലാസികിയയിലൂടെ 17–-ാംവയസ്സിലാണ് പാൻഡേവ് പ്രഫഷണൽ ഫുട്ബോളിൽ അരങ്ങേറിയത്. പിറ്റേവർഷം ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനിൽ. പിന്നീട് ലാസിയോയിൽ. വീണ്ടും ഇന്ററിൽ. ഇന്ററിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടി. ഇറ്റാലിയൻ ലീഗായിരുന്നു എന്നും പാൻഡേവിന്റെ തട്ടകം. നിലവിൽ ജെനോവയ്ക്കായാണ് പന്തുതട്ടുന്നത്.
‘ലോകത്ത് രണ്ടുതരം കളിക്കാരുണ്ട്. ഒന്നാമതുള്ള മഹാഭൂരിപക്ഷംപേർക്കും എപ്പോഴും പ്രചോദനവും നിർദേശവും നൽകിക്കൊണ്ടേയിരിക്കണം. തെറ്റുപറ്റിയാൽ അവർ മറ്റുള്ളവരെ കുറ്റപ്പെടുത്തും. എന്നാൽ, പാൻഡേവിനെപ്പോലുള്ള കളിക്കാർ വ്യത്യസ്തരാണ്. അവർ സമ്മർദങ്ങളിൽ അടിപ്പെടില്ല. അവർക്ക് ഉപദേശങ്ങൾ വേണ്ട. ഏത് വലിയ കളിയിലും കൂസാതെ അവർ കളംവാഴും–- ലാസിയോയിൽ പാൻഡേവിന്റെ പരിശീലകനായ ദെലിയോ റോസിയുടെ സാക്ഷ്യപ്പെടുത്തൽ. 2014ൽ മാസിഡോണിയൻ കുപ്പായം അഴിച്ചതായിരുന്നു പാൻഡേവ്. എന്നാൽ, രണ്ടുവർഷത്തിനിടെ ടീം തകർന്നു. റാങ്കിങ്ങിൽ 162–-ാം സ്ഥാനത്തേക്ക് വീണു. പാൻഡേവ് തിരിച്ചുവന്നു. നിലവിൽ മാസിഡോണിയ ഫിഫ റാങ്കിങ്ങിൽ 62–-ാമതാണ്.