ആംസ്റ്റർഡാം
ഏഴുവർഷത്തിനുശേഷം പ്രധാന വേദിയിലെത്തിയ ഡച്ചുകാർ ആനന്ദിപ്പിച്ച് തുടങ്ങി. യൂറോ ഗ്രൂപ്പ് സിയിൽ ഉക്രെയ്നെതിരായ ആവേശപ്പോര് 3–-2നാണ് ഡച്ചുകാർ പിടിച്ചെടുത്തത്. രണ്ട് ഗോളടിച്ച്, രണ്ടെണ്ണം വഴങ്ങി പിന്നെയൊന്ന് തൊടുത്ത് നെതർലൻഡ്സ് നേടി. ഉക്രെയ്നും ഒന്നാന്തരമായി പ്രത്യാക്രമണം നടത്തിയപ്പോൾ യൂറോയിലെ ഉശിരൻ കളിയായിരുന്നു ആംസ്റ്റർഡാമിൽ പിറന്നത്.
2014 ലോകകപ്പിനുശേഷം പ്രധാന വേദികളിൽ എത്തിയിട്ടില്ല നെതർലൻഡ്സ്. 2016 യൂറോയും 2018 ലോകകപ്പും യോഗ്യത കടമ്പയിൽ വീണു. ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ഡച്ചുകാർ ആവേശം പടർത്തിയെങ്കിലും അവസാന മിനിറ്റുകളിലെ ചോർച്ച അവർക്ക് ആശങ്കയായി.
ഇരുഭാഗത്തും ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞപ്പോൾ ആംസ്റ്റർഡാമിൽ കളിയൊഴുകി. മെംഫിസ് ഡിപെയെ ആദ്യംതന്നെ ഉക്രെയ്ൻ ഗോൾകീപ്പർ ജോർജി ബുഷ്ചാൻ തടഞ്ഞു. ഡെൻസെൽ ഡംഫ്രീസ് ജോർജിനോ വൈനാൽദത്തിന്റെ ക്രോസിൽ പുറത്തേക്ക് തലവച്ചു. ഗോളിനായി രണ്ടാംപകുതിവരെ കാത്തിരിക്കേണ്ടിവന്നു. വൈനാൽദത്തിന്റെ മിന്നൽഷോട്ടിൽ ഉക്രെയ്ൻ വല തകർന്നപ്പോൾ ഡച്ച് ആക്രമണങ്ങൾക്ക് പൂർണത കിട്ടി. ആറ് മിനിറ്റിനുള്ളിൽ വൗട്ട് വെഗോസ്റ്റ് നേട്ടം ഇരട്ടിയാക്കി.
ടീം രണ്ട് ഗോൾ ലീഡിൽ നിൽക്കെ പരിശീലകൻ ഫ്രാങ്ക് ഡി ബോയെർ പ്രതിരോധത്തിൽ മാറ്റംവരുത്തി. ഇരട്ടഗോളായിരുന്നു അതിനുള്ള ശിക്ഷ. ക്യാപ്റ്റൻ ആൻഡ്രി യർമലെങ്കോ ഒന്നാന്തരം ഷോട്ടിലൂടെ ഒന്ന് മടക്കി. നാല് മിനിറ്റിനുള്ളിൽ ഫ്രീകിക്കിൽ തലവച്ച് റൊമൻ യെറെംചുക് ഉക്രെയ്നെ ഒപ്പമെത്തിക്കുകയും ചെയ്തു.കളി തീരാൻ അഞ്ച് മിനിറ്റ് ശേഷിക്കെയാണ് ഡംഫ്രീസ് ഡച്ചിന്റെ വിജയഗോൾ നേടിയത്. 17ന് ഓസ്ട്രിയയുമായാണ് അടുത്ത കളി.